ചലച്ചിത്രനടി അടൂര്‍ പങ്കജത്തിന്‍റെ മൃതദേഹം സംസ്കരിച്ചു

Webdunia
ഞായര്‍, 27 ജൂണ്‍ 2010 (17:11 IST)
പ്രശസ്ത സിനിമാ നടി അടൂര്‍ പങ്കജത്തിന്‍റെ മൃതദേഹം സംസ്കരിച്ചു. അടൂരില്‍ പന്നിവിഴയിലെ വീട്ടുവളപ്പില്‍ ഔപചാരിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. സാമൂഹ്യ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. മകന്‍ അജയന്‍ ചിതയ്ക്ക് തീ കൊളുത്തി. എന്നാല്‍ മുന്‍നിര ചലച്ചിത്ര താരങ്ങളാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ല.

അടൂര്‍ പന്നിവിഴയിലെ ജയാമന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം അന്തരിച്ച അടൂര്‍ ഭവാനിയുടെ ഇളയ സഹോദരിയാണ് പങ്കജം. അടൂര്‍ സഹോദരിമാരിലെ ഇളയവളായ പങ്കജം നാനൂറില്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടാണ് പ്രേക്ഷക മനസ്സിലെ സ്ഥിര സാന്നിധ്യമായി മാറിയത്.

സഹനടിയും ഹാസ്യ നടിയുമായി മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച പങ്കജം നാടകാഭിനയത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കെ പി പണിക്കരുടെ നടനകലാവേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ ഈ അടൂര്‍ക്കാരി കേരള കലാനിലയത്തിന്‍റെ ‘മധുരമാധുര്യം’ എന്ന നാടകത്തില്‍ ആദ്യമായി നായികാ വേഷമിട്ടു.