ഗുണ്ടാ ആക്രമണം; മൂന്ന്‌ യുവാക്കള്‍ക്ക്‌ പരുക്ക്‌

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2013 (15:30 IST)
PRO
PRO
ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന്‌ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ വലിയതൈപ്പറമ്പ്‌ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ വിനോദ്‌ (25), ഈരേശേരിയില്‍ അലക്സ്‌ (27), ആലുംപറമ്പില്‍ വര്‍ഗീസിന്റെ മകന്‍ ജോസ്‌ (23) എന്നിവരാണ്‌ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌.

ഞായറാഴ്ച വൈകിട്ട്‌ നാലരയോടെ കപ്പക്കട മറഡോണ പള്ളിക്ക്‌ സമീപം എട്ടോളം വരുന്ന സംഘം വിനോദിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ഇയാള്‍ സമീപത്തെ അലക്സിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന്‌ അക്രമികള്‍ അലക്സിന്റെ വീട്ടിലെത്തി വിനോദിനെയും തടസം നിന്ന അലക്സിനെയും മര്‍ദ്ദിച്ചു. ബഹളം കേട്ട്‌ പരിസരവാസികള്‍ എത്തിയപ്പോള്‍ ഗുണ്ടാസംഘം രക്ഷപെടുകയായിരുന്നു.

ഉടന്‍ തന്നെ ബന്ധുക്കളും മര്‍ദ്ദനത്തിനിരയായ അലക്‌സും ചേര്‍ന്ന്‌ വിനോദിനെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് രാത്രി പത്തോടെ വീട്ടിലേക്ക്‌ പോകുന്ന വഴി അക്രമികള്‍ അലക്സിന്റെ കാലിനും കൈക്കും അടിച്ച്‌ പരുക്കേല്‍പിക്കുകയും ഒപ്പമുണ്ടായിരുന്ന ജോസിന്റെ മുതുകിന്‌ ഇരുമ്പുവടിക്ക്‌ അടിക്കുകയും ചെയ്തു.

ഇവരുടെ നിലവിളികേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ പുന്നപ്ര പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി അലക്സിനെയും ജോസിനെയും രാത്രി പതിനൊന്നോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പ്രതികള്‍ക്ക്‌ വേണ്ടി എസ്‌ഐ രതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.