ഗണേഷിനെ മന്ത്രിയാക്കണമെന്ന് എന്‍എസ്എസ്‌

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2013 (12:58 IST)
PRO
PRO
സംസ്ഥാന മന്ത്രിസഭയിലേക്ക് പുതിയൊരു മന്ത്രിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ തന്നെ പരിഗണിക്കണമെന്ന് എന്‍എസ്എസ്. ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈയെടുക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍എസ്എസ്സിന്റെ ആഗ്രഹം. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി ശിവഗിരിയിലെത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിവാദം സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്. ശിവഗിരിയിലേക്ക് മോഡിയെ ക്ഷണിച്ചതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല. ഷിബു ബേബി ജോണ്‍ മോഡിയെ സന്ദര്‍ശിച്ചതിലും തെറ്റില്ല. അത് വിവാദമാക്കിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. രാഷ്ട്രീയ സാഹചര്യം മാറുമെന്ന് ഭയക്കുന്നവരാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.