കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി ഓഫീസില്‍ ഒളിക്യാമറ!

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (13:18 IST)
PRO
PRO
ചാലക്കുടി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന പനമ്പിള്ളി സ്മാരക ഹാളിന്റെ പ്രധാന ഹാളില്‍ ഒളിക്യാമറ കണ്ടെത്തിയത്‌ വിവാദമാകുന്നു. വ്യാഴാഴ്ച വൈകീട്ട്‌ യോഗത്തിന്‌ എത്തിയ കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ ക്യാമറ കണ്ടെത്തിയത്‌. ഉടന്‍തന്നെ ചാലക്കുടി പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ സിഐ വി ടി ഷാജന്‍, എസ്‌ഐ ടിപിഫര്‍സാദ്‌ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സിനു സമീപത്താണ്‌ രണ്ട്‌ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്‌. ക്യാമറയുടെ കണ്‍ട്രോള്‍ തൊട്ടപ്പുറത്തുള്ള ബില്‍ഡിങ്ങിനെ സ്വകാര്യ വ്യക്തിയുടെ കടയിലാണെന്ന്‌ പൊലീസ്‌ പരിശോധനയില്‍ കണ്ടെത്തി. ക്യാമറയും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

കമ്പ്യൂട്ടറും മറ്റും സ്ഥാപിച്ച കടയുടമക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ക്യാമറയും മറ്റുപകരണങ്ങളും സൈബര്‍ സെല്ലിന്‌ കൈമാറി വിശദമായി പരിശോധിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ മാത്രമെ ക്യാമറയില്‍ പതിഞ്ഞിട്ടുള്ള കാര്യങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ.