കോണ്‍ഗ്രസ്‌ കാലുവാരുകയാണെന്ന്‌ ഗൗരിയമ്മ

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2010 (13:00 IST)
PRO
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ്‌ ജെ എസ്‌ എസ്സിനെ സ്ഥിരമായി കാലുവാരുകയാണെന്ന്‌ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൌരിയമ്മ.

ഐക്യമുണ്ടാക്കിയാല്‍ ഐക്യമുണ്ടാകണം, അല്ലാതെ കാലുവാരലാകരുത്‌. യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികള്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന്‌ പറയാനാകില്ല. താന്‍ പ്രതികരിച്ചപ്പോള്‍ ലീഗ്‌ പോലുള്ള മറ്റ്‌ ഘടകകക്ഷികള്‍ പ്രതികരിച്ചു കണ്ടില്ല. കോണ്‍ഗ്രസ്സിനെ ദുര്‍ബ്ബലപ്പെടുത്തുന്നത്‌ ജെ എസ്‌ എസ്‌ അല്ല കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ തന്നെയാണെന്നും ഗൌരിയമ്മ പറഞ്ഞു.

യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് നേരത്തെ ഗൌരിയമ്മ ആരോപിച്ചിരുന്നു. അര്‍ഹമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ വര്‍ഗീയ കക്ഷികളൊഴികെയുള്ള ആരുമായും കൂട്ടുചേരുമെന്നും ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഗൌരിയമ്മ വ്യക്തമാക്കിയിരുന്നു.

യു ഡി എഫില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗൌരിയമ്മ അഭിപ്രായം പറയേണ്ടിയിരുന്നത് യു ഡി എഫില്‍ ആയിരുന്നെന്നും ഗൌരിയമ്മയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ചാണ്ടി പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ഗൌരിയമ്മ വീണ്ടും കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.