കോടീശ്വരന്മാര്‍ ഇടതുപാര്‍ട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: രാമകൃഷ്ണ പിള്ള

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (02:02 IST)
PRO
PRO
തന്നെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ രഹസ്യനീക്കം നടന്നതായി ആര്‍ എസ് പി മുന്‍ സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള. തനിക്ക് പാര പണിതവര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സെക്രട്ടറിയായിരുന്നാല്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്ന് അറിയാവുന്ന നിക്ഷിപ്ത താല്പര്യക്കാരാണ് ദുഷ്ടലാക്കോടെ തനിക്കെതിരെ ചരടുവലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിട്ട് മറുപക്ഷത്തേക്ക് പോയ പലരേയും തിരികെ കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. യു ഡി എഫില്‍ 75 ശതമാനവും കോടീശ്വരന്മാര്‍ കൈയടക്കിയിരിക്കുകയാണ്. കോടീശ്വരന്മാര്‍ ഇടതുപാര്‍ട്ടികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്പര്യമില്ല. മരണം വരെ രാഷ്ട്രീയ ലൈനില്‍ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും വി പി രാമകൃഷ്ണപിള്ള പറഞ്ഞു.