കൊല്ലം: റെയില്‍‌വേയുമായുള്ള ചര്‍ച്ച ഫലപ്രദം

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (19:14 IST)
WDWD
കൊല്ലത്തെ റെയില്‍‌വേ വികസനവുമായി ബന്ധപ്പെട്ട് റെയില്‍‌വേയും കോര്‍പ്പറേഷനുമായി നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്.

റെയില്‍‌വേയും കോര്‍പ്പറേഷനും തമ്മില്‍ ഭൂമി സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നെങ്കിലും അത് ഇന്നത്തോടെ പരിഹരിച്ചു. ഇത് പ്രകാരം കര്‍ബലയില്‍ റെയില്‍‌വേ നടപ്പാതയുടെ നിര്‍മ്മാണത്തില്‍ പുനക്രമീകരണമുണ്ടാകും. ഗതാഗത തടസം സൃഷ്ടിക്കാത്ത തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് റെയില്‍‌വേ ഉറപ്പ് നല്‍കി.

ചിന്നക്കടയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിന് റെയി‌ല്‍വയുടെ പക്കലുള്ള ഭൂമി കോര്‍പ്പറേഷന് വിട്ടുകൊടുക്കാന്‍ ധാ‍രണയായിട്ടുണ്ട്. നേരത്തേ, റെയില്‍‌വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പകരം മന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് എത്തിയത്. ജില്ലാ കളക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തു.