കൂട്ട ബലാത്സംഗം: ബംഗാളിലെ അന്വേഷണം പൂര്‍ത്തിയായി

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (20:25 IST)
PRO
ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം റോഡരുകില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കേരള പൊലീസ് ബംഗാളിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി. എസ് പി സ്ക്വാഡിലെ മൂന്നംഗസംഘമാണ് ബംഗാളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ഉടന്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കും.

കഴിഞ്ഞ ഡിസംബര്‍ 24ന്‌ രാത്രിയിലാണ് ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഉളിക്കല്‍ സ്വദേശികളായ പ്രതികള്‍ ലോറിയില്‍ കയറ്റി ഉളിക്കല്‍ വയത്തൂര്‍ പുഴയരികിലെത്തിച്ച്‌ ബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി പെരുവംപറമ്പില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്. ബിജു, ഷെയറെഫ്‌, സാലിഹ്‌, ജംഷീര്‍ എന്നിവരാണ്‌ കേസിലെ പ്രതികള്‍.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മാനസികനില തകരാറിലായിരുന്നു. ഇപ്പോഴും കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌ പെണ്‍കുട്ടി. കാമുകനെ തിരക്കിയാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്.