സി പി ഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും കരുത്തുകാട്ടിയപ്പോള്‍ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും മുല്ലക്കര രത്നാകരനും മന്ത്രിസഭാപ്രവേശം നഷ്ടമായി. നാല് പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ സി പി ഐയുടെ മന്ത്രിമാരാകും.
ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവരാണ് സി പി ഐയുടെ മന്ത്രിമാരാവുക. വി ശശി ഡെപ്യൂട്ടി സ്പീക്കറാകും. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സി ദിവാകരന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്.
സി പി ഐ സംസ്ഥാന കൌണ്‍സിലിന്‍റേതാണ് ഈ തീരുമാനം. വളരെ നാടകീയമായ രംഗങ്ങള്‍ക്കാണ് മന്ത്രിമാരെ തീരുമാനിക്കാനുള്ള സി പി ഐ യോഗങ്ങള്‍ സാക്‍ഷ്യം വഹിച്ചത്. തനിക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന എക്സിക്യൂട്ടീവ് തീരുമാനം അറിഞ്ഞതോടെ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നിന്ന് മുല്ലക്കര രത്നാകരന്‍ വിട്ടുനിന്നു.
തന്‍റെ സീനിയോറിറ്റി പോലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന് വികാരനിര്‍ഭരമായി സി ദിവാകരന്‍ സംസാരിച്ചെങ്കിലും അതൊന്നും സംസ്ഥാന കൌണ്‍സില്‍ അംഗീകരിച്ചില്ല. ഒടുവില്‍ നാല് പുതുമുഖങ്ങള്‍ സി പി ഐയുടെ മന്ത്രിമാരായി വരുമ്പോള്‍ കാനം രാജേന്ദ്രന്‍റെ നിലപാടുകളുടെ വിജയമായാണ് അത് വിലയിരുത്തപ്പെടുന്നത്.