കസ്റ്റഡി മരണം: സിബിഐ അപ്പീല്‍ നല്കും

Webdunia
ബുധന്‍, 26 ജനുവരി 2011 (14:10 IST)
PRO
പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ സി ബി ഐ അപ്പീല്‍ നല്‍കും. സി ബി ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരിക്കും ഹര്‍ജിയില്‍ ആവശ്യപ്പെടുക.

ഹൈക്കോടതി ഉത്തരവുമൂലം സി ബി ഐയുടെ ആഭ്യന്തരഭരണനിര്‍വഹണ പ്രക്രിയ തകരാറിലാകുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടും.

ഷീലാ വധക്കേസില്‍ പ്രതിയായിരുന്ന സമ്പത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞദിവസം സി ബി ഐയെ ശാസിച്ചിരുന്നു. സി ബി ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെട്ടാല്‍ നടപടിയുണ്ടാകുമെന്നായിരുന്നു ഹൈക്കോടതിയുടെ ശാസനം.

ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അന്യായമായ ഇടപെടല്‍ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ സി ബി ഐ ഡയറക്ടറെ കോടതിയില്‍ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി. സിബിഐ എസ്പിമാരായ ഷൈനി, നന്ദകുമാര്‍, അശോക്‌ കുമാര്‍ തുടങ്ങിയവര്‍ കേസില്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സമ്പത്തിന്‍റെ കസ്റ്റഡിമരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു ഉന്നത ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടുത്താതിരിക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ തര്‍ക്കം നടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.