പുത്തൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് സി ബി ഐയെ സര്‍ക്കാര്‍ തടയുന്നത് എന്തിനെന്ന് ഹൈക്കോടതി. പുത്തൂര്‍ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്കു കൈമാറിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പാലക്കാട് മുന്‍ എസ്പി വിജയ് സാക്കറെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കസ്റ്റഡി മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കുന്നത് സര്‍ക്കാര്‍ എന്തിനു തടയണം. കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്യാത്തതു ഗുരുതരമായ പ്രശ്നമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയോ എന്നു വ്യക്‌തമാക്കണം. കൂടാതെ, സസ്പെന്‍ഷനിലുള്ള പൊലീസുകാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സസ്പെന്‍ഷനിലുള്ള പൊലീസുകാര്‍ ആനുകൂല്യങ്ങല്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അതു ഗുരുതരമായ വിഷയമാണെന്നും കോടതി പറഞ്ഞു. പ്രതികളായ പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ നാളെ അറിയിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതിനിടെ പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടു ഷീലയുടെ അമ്മ കാര്‍ത്ത്യായനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയും കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചു.