കരുണാകരനെ എതിര്‍ക്കുന്നില്ല

Webdunia
WDWD
കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ അംഗമാകാമെന്ന നയം ഇപ്പോഴും നിലനില്‍ക്കുന്നു. കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും.

കരുണാകരന്‍റെ കഴിഞ്ഞ കാല സംഭാവനകള്‍ വിസ്മരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ ശാന്തിയാത്ര നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡിസംബര്‍ 10 മുതല്‍ 13 വരെയാണ് ശാന്തിയാത്ര. പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് തലശ്ശേരിയില്‍ സമാപിക്കും. സി പി എം അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ശാന്തിയാത്രയില്‍ പ്രദര്‍ശിപ്പിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.

കണ്ണൂ‍രില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ പൊലീസിനെ സ്വതന്ത്രമാക്കണമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ രാഷ്ട്രീയവത്കരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.