കത്ത് വിവാദം: പിബി ചര്‍ച്ച ചെയ്യും

Webdunia
ബുധന്‍, 11 ഫെബ്രുവരി 2009 (19:15 IST)
WDPRO
ലാവ്‌ലിന്‍ വിഷയത്തില്‍ ഇ ബാലാനന്ദന്‍ പൊളിറ്റ്ബ്യൂറോക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്‍റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ 14ന് ചേരുന്ന പിബി യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ലാവ്‌ലിന്‍ വിഷയത്തില്‍ തന്‍റെ നിലപാട് പൊളിറ്റ്‌ ബ്യൂറോയുമായി ചര്‍ച്ച ചെയ്‌തതാണെന്നും വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിഎസ് പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പരസ്യ പ്രസ്‌താവനകളെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പരസ്യ പ്രസ്‌താവന പുറപ്പെടുവിക്കുന്ന ആളുകള്‍ തന്നെ ഇതിനു മറുപടി പറയുമെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധി മാനിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും. പുതിയ മദ്യനയത്തിനും വനിതാനയത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിപുത്രന്‍മാര്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും വി എസ് പറഞ്ഞു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഓടനാവട്ടം വില്ലേജില്‍ മുട്ടറ മരുതിമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനായി വെളിയം പഞ്ചായത്തിന്‌ പതിനഞ്ചര ഹെക്ടര്‍ സ്ഥലം 20 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.