കടന്നുപിടിച്ചു; യുവതി തല അടിച്ചുപൊളിച്ചു!

Webdunia
ചൊവ്വ, 11 ജനുവരി 2011 (14:58 IST)
PRO
തന്നെ കടന്നുപിടിച്ച യുവാവിന്റെ തല കുപ്പികൊണ്ട് അടിച്ചുപൊളിച്ച് കഴക്കൂട്ടത്തെ ഒരു യുവതി കഴിവുതെളിയിച്ചു. കഴക്കൂട്ടത്തിനടുത്തുള്ള ചിറ്റാറ്റുമുക്കില്‍ താമസിക്കുന്ന മുപ്പത് വയസ്സുള്ള യുവതിയാണ് തന്നെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ എത്തിയ യുവാവിനെ ‘കൈകാര്യം’ ചെയ്തത്. മേനംകുളം സ്വദേശിയായ ലാലു എന്നു വിളിക്കുന്ന ബാലുവാണ് (25) യുവതിയെ മാനഭംഗപ്പെടുത്താന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊളിഞ്ഞ തലയുമായി ഇയാള്‍ കടന്നുകളഞ്ഞു. പൊലീസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം അരങ്ങേറിയത്. ചിറ്റാറ്റുമുക്കിലുള്ള വിന്‍സെന്റ്‌ സ്കൂളിനു പിറകില്‍ കരിഞ്ഞവയലില്‍ ഒറ്റയ്ക്കാണ് യുവതി താമസിക്കുന്നത്. കുറച്ചുനാളുകളായി ബാലു ഈ സ്ത്രീയെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുമായി ബാലുവിന് അടുത്ത ബന്ധം ഉള്ളതിനാല്‍ നാട്ടുകാര്‍ ബാലുവിനെ ചോദ്യം ചെയ്യാന്‍ പോയില്ല. എന്നാല്‍, തിങ്കളാഴ്ച വൈകിട്ട് ആരും കാണാതെ യുവതിയുടെ വീടിനുള്ളില്‍ യുവാവ് കയറിപ്പറ്റി. ബൈക്കിലാണെത്രെ ഇയാള്‍ എത്തിയത്.

വീട്ടുജോലികളില്‍ വ്യാപൃതയായിരുന്ന യുവതി ഇയാളെ കണ്ടില്ല. എന്നാന്‍ ആരോ തന്നെ കടന്നുപിടിച്ചു എന്ന് മനസിലായപ്പോള്‍ യുവതി കുതറി മാറി. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന നീളമുള്ള ഒരു കുപ്പി കൈക്കലാക്കിയ യുവതി പിന്നീട് യുവാവിനെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പികൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തല പൊളിഞ്ഞു. മുഖത്തും കിട്ടി കുപ്പി കൊണ്ടുള്ള കുത്ത്. വേദന സഹിക്കവയ്യാതെ കരഞ്ഞ് അലറിവിളിച്ച് യുവാവ്‌ വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുപോലും ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.

കുപ്പികൊണ്ട് അടിയേറ്റയിടത്തെ മുറിവിന് നല്ല ആഴം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്‌സ തേടി. എന്നാല്‍ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയമുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. യുവതി കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. യുവാവ് എങ്ങോട്ടാണ് രക്ഷപ്പെട്ട് പോയിരിക്കുന്നതെന്ന് അറിവായിട്ടില്ല. ഏതെങ്കിലും ആശുപത്രിയില്‍ ഇയാള്‍ക്ക് ചികിത്സ തേടേണ്ടിവരും എന്ന് പൊലീസ് പറയുന്നു. എന്തായാലും, യുവതിയുടെ ധീരത കണ്ട് അത്ഭുതപ്പെട്ട നാട്ടുകാര്‍ യുവതിക്ക് ഒരു സ്വീകരണം നല്‍‌കാനായി ഒരുങ്ങുകയാണ്.