ഒറ്റക്കയ്യന്‍ തമിഴനായതുകൊണ്ട് ജയിലിലായി!

Webdunia
ശനി, 26 ഫെബ്രുവരി 2011 (11:28 IST)
PRO
PRO
വടക്കാഞ്ചേരിക്കടുത്ത് വള്ളത്തോള്‍ നഗറില്‍ യുവതിയെ തീവണ്ടിയില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട്, ഒപ്പം ചാടി മാനഭംഗപ്പെടുത്തിയ ഒറ്റക്കയ്യന്‍ ഗോവിന്ദസ്വാമി തമിഴനായതുകൊണ്ടും ആര്‍ക്കും വേണ്ടാത്തവനായതുകൊണ്ടും അഴിയെണ്ണുന്നുവെന്നും മലയാളിയോ, പാര്‍ട്ടിയില്‍ പെട്ടയാളോ, സ്വാധീനമുള്ളയാളോ ആയിരുന്നെങ്കില്‍ കേസ്‌ എപ്പോഴേ തേഞ്ഞുമാഞ്ഞ് പോയേനെയെന്ന് തൃശൂര്‍ റേഞ്ച്‌ ഐജി ഡോക്‌ടര്‍ ബി സന്ധ്യ. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ പേപ്പല്‍ ടവര്‍ സാന്ത്വനം ഹാളില്‍ എഴുത്തച്ഛന്‍സമാജം വനിതാവിഭാഗം സംഘടിപ്പിച്ച 'സ്ത്രീകളും നവോത്ഥാനവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

“നമ്മുടെ നാട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്. സ്വാധീനമുണ്ടെങ്കില്‍ എന്ത് കുറ്റം ചെയ്താലും രക്ഷപ്പെടാമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സൌമ്യയെ ട്രെയിനില്‍ നിന്ന് തെള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതി തമിഴ്‌നാട്ടുകാരനും ആര്‍ക്കും വേണ്ടാത്തവനും ആയിരുന്നതുകൊണ്ടാണ്‌ അഴിയെണ്ണേണ്ടിവന്നത്. ” - സന്ധ്യ പറഞ്ഞു.

“അയാള്‍ക്ക് സ്വാധീനം ഇല്ലാത്തതിനാല്‍ നമ്മള്‍ ഒറ്റക്കെട്ടായി. അല്ലെങ്കില്‍ കാണാമായിരുന്നു. അയാള്‍ മലയാളിയോ, പാര്‍ട്ടിയില്‍ പെട്ടയാളോ, സ്വാധീനമുള്ളയാളോ ആയിരുന്നെങ്കില്‍ കേസ്‌ എപ്പോഴേ തേച്ചുമാച്ചു കളഞ്ഞേനെ. ഇയാള്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയക്കാരനായിരുന്നെങ്കില്‍ കേസേ എടുക്കില്ലായിരുന്നു”

“ഭരണവര്‍ഗത്തില്‍പ്പെട്ട സ്ത്രീപീഡനക്കാരും സ്ത്രീഘാതകരും രക്ഷപ്പെടുകയാണ് പതിവ്. ഇതിന് മാറ്റം വരണം. സ്ത്രീപീഡനക്കേസുകളില്‍ തെളിവ് നല്‍കാന്‍ ആരും ധൈര്യപ്പെടുന്നില്ല. വീടിനുള്ളിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. നടപടിയെടുക്കാന്‍ ധാരാളം വകുപ്പുകളുമുണ്ട്. എന്നാല്‍, അവ നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നു. സ്വയം പ്രതിരോധിക്കാന്‍ കരുത്താര്‍ജിച്ച് സ്ത്രീകള്‍ സംഘടനാശേഷി തെളിയിക്കുകയാണ് വേണ്ടത്” - സന്ധ്യ പറഞ്ഞു.

ഐജി സന്ധ്യ പറഞ്ഞത് കയ്യടിയോടെയാണ് സദസ്യര്‍ വരവേറ്റത്. സന്ധ്യയുടെ ഈ പ്രസ്താവന വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. തന്റെ ഇത്രയും കാലത്തെ സേവനത്തില്‍ നിന്നുള്ള അനുഭവത്തിന്റെ ചൂടാണ് സന്ധ്യ സദസ്യരുമായി പങ്കുവച്ചത്. അങ്ങിനെയെങ്കില്‍ പല കേസുകളിലും സന്ധ്യക്ക് രാഷ്‌ട്രീയക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍.

സന്ധ്യ കൈകാര്യം ചെയ്തിട്ടുള്ള കേസുകളില്‍ മുന്‍മന്ത്രി പിജെ ജോസഫ് ഉള്‍‌പ്പെട്ടിട്ടുള്ള വിമാനയാത്ര പീഡനക്കേസും ഉള്‍‌പ്പെടുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. കേസില്‍ നിന്ന് പിജെ ജോസഫിനെ രക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യം എന്തായാലും സന്ധ്യ വെളിപ്പെടുത്തിയിട്ടില്ല.

( ഫോട്ടോ - വിബിന്‍ സി വിന്‍സന്റ്)