ഒരുരൂപയ്ക്ക് അരി, കുട്ടികള്‍ക്ക് സൈക്കിള്‍, യുഡിഎഫ് പത്രികയും റെഡി

Webdunia
വെള്ളി, 25 മാര്‍ച്ച് 2011 (11:34 IST)
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തിരശ്ശീലയിട്ട് ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് ഒരു രൂപയ്ക്ക് അരി നല്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. എ പി എല്ലുകാര്‍ക്ക് രണ്ടുരൂപയ്ക്ക് ആയിരിക്കും അരി നല്കുക. ഈ നിരക്കില്‍ 25 കിലോഗ്രാം അരിയായിരിക്കും എല്ലാമാസവും വിതരണം ചെയ്യുക.

മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. നിര്‍ദ്ദനരായ വൃക്കരോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കും. മൂന്നുശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 3000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

പത്താംക്ലാസിലെ എല്ലാ കുട്ടികള്‍ക്കും സൌജന്യമായി സൈക്കിള്‍ നല്കുമെന്നും പ്രകടനപത്രികയില്‍ യു ഡി എഫ് പറയുന്നു. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സൗരോര്‍ജ വിളക്ക്, വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കമ്പ്യൂട്ടറിനും പലിശരഹിത വായ്പ, ദുര്‍ബല വിഭാഗങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപയുടെ നിക്ഷേപം എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷിയും ഉള്‍പ്പെടുത്തും.

ബി പി എല്‍, എസ് സി, എസ് ടി വിഭാഗങ്ങളില്‍ ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ സര്‍ക്കാര്‍ ഒരുലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യും. ഉടമയ്ക്ക് ഉടമസ്ഥാവകാശം നിലനിര്‍ത്തി ചെറുകിട പാട്ടകൃഷി പ്രോത്സാഹിപ്പിക്കുമെന്നും ലാന്‍ഡ് ട്രൈബ്യൂണല്‍ വിധിപ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമായ പട്ടയങ്ങളെ വ്യവഹാരമുക്തമാക്കുമെന്നും യു ഡി എഫ് വാഗ്‌ദാനം ചെയ്യുന്നു.

അപകടത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും രണ്ടുലക്ഷം രൂപ വരെ അവശതാ പെന്‍ഷന്‍ നല്‍കും. കുരുമുളക് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് എന്നിവ രൂപവത്കരിക്കും തുടങ്ങിയവയും വാഗ്ദാനങ്ങളില്‍പ്പെടുന്നു. ഇടുക്കി, വയനാട് ജില്ലകളെ പാല്‍ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റും. ഹില്‍ഹൈവേ സമയബന്ധിതമായി പൂര്‍ത്തികരിക്കും. തീരപ്രദേശത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും പൈപ്പ് വഴി കുടിവെള്ളവും നല്‍കും.