ഉമ്മന്‍‌ചാണ്ടിക്ക് വഴങ്ങി ഹൈക്കമാന്റ്; അടൂര്‍ പ്രകാശിനേയും കെ ബാബുവിനേയും മത്സരിപ്പിക്കാന്‍ തീരുമാനം

Webdunia
ഞായര്‍, 3 ഏപ്രില്‍ 2016 (14:48 IST)
ഏഴ് ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമ്മന്‍‌ചാണ്ടിയുടെ സമ്മര്‍ദങ്ങള്‍ക്ക് ഹൈക്കമാന്റ് വഴങ്ങി. ആരോപണവിധേയരായ മന്ത്രിമാരെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കണമെന്ന ഉമ്മന്‍‌ചാണ്ടിയുടെ ആവശ്യം ഒടുവില്‍ ഹൈക്കമാന്റ് അംഗീകരിച്ചു. ഉമ്മന്‍ചാണ്ടി മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നതും മന്ത്രിമാരെ മാറ്റി നിര്‍ത്തുന്നതും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കുമെന്ന് ഹൈക്കമാന്റ് വിലയിരുത്തി. വിജയസാധ്യത മാത്രം കണക്കിലെടുത്ത് അടൂര്‍ പ്രകാശും കെ ബാബുവും അടക്കമുള്ള മന്ത്രിമാരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
 
ഇതോടെ ആരോപണവിധേയരായ മന്ത്രിമാരെ മത്സരിപ്പിക്കേണ്ടെന്ന വി എം സുധീരന്റെ അഭിപ്രായം ഹൈക്കമാന്റ് പൂര്‍ണമായും തള്ളി. ഇതുസംബന്ധിച്ച് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ചര്‍ച്ചയില്‍, പ്രധാനമായും തര്‍ക്കം രൂക്ഷമായ അഞ്ച് മണ്ഡലങ്ങളിലും സിറ്റിങ്ങ് എം എല്‍ ഏമാരെ മത്സരിപ്പിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകും വിഷയത്തില്‍ ഹൈക്കമാന്റിന്റെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുക. തര്‍ക്കം നിലനിന്ന മണ്ഡലങ്ങളിലെ മന്ത്രിമാരുടെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാകും ഹൈക്കമാന്റ് നടപടിയെടുക്കുക. 
 
കെ സി ജോസഫും ഡൊമനിക്ക് പ്രസന്റേഷനും ബെന്നി ബെഹന്നാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത. ഇവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് സുധീരന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. അതേസമയം, ഇവരെ മത്സരിപ്പിക്കാനുള്ള തീരുമാനം സുധീരന്റെ നിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി. ഇതിലൂടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകല്‍ക്കതീതമായി നിലപാടെടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച കൂടിയായിരിക്കും അത്.