ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് വിഎസ്

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (12:59 IST)
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്.

ആരെന്ന് പേര് പറയാന്‍ കോടതി മടിക്കുകയാണെന്നും വി.എസ് കടകംപള്ളിയില്‍ പറഞ്ഞു. ഭൂമിതട്ടിപ്പിന് ഇരയായവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരുടെ വീടുകളിലാണ് വിഎസ് സന്ദര്‍ശനം നടത്തുന്നത്.

വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയ്യാറാകണം. കടകംപള്ളിയില്‍ മുപ്പതോളം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ തണ്ടപ്പേര്‍ ചമച്ച് തട്ടിയെടുത്തെന്നാണ് പരാതി.

രാഷ്ട്രീയഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുത്തത്. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസുകളിലെ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പത്ത് ദിവസത്തിനകം കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവും പുറത്തിറക്കി.