ഇറ്റാലിയന്‍ നയതന്ത്രബന്ധം രാജ്യത്തെ വഞ്ചിക്കാനുള്ളതല്ല: ഉമ്മന്‍‌ചാണ്ടി

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2013 (11:43 IST)
PRO
PRO
നയതന്ത്രബന്ധപദവി ഒരു രാജ്യത്തെ വഞ്ചിക്കാനുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. നയതന്ത്രബന്ധം ഉപയോഗിച്ചു രണ്ടു ക്രിമിനലുകളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍‌ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമത്തിനു മുന്നില്‍ വിചാരണയ്ക്കായി കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ അതീവ ജാഗ്രതയോടെയാണു വിഷയം കൈകാര്യം ചെയ്യുന്നത്‌. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നയതന്ത്രബന്ധം ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റാലിയന്‍ നാവികര്‍ രാജ്യം വിടാനുണ്ടായ സാഹചര്യം നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ അടിയന്തരപ്രമേയത്തിന്‌ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.