സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇതൊടെ സ്വര്‍ണവില വീണ്ടും കുതിച്ചുയരുമെന്ന് ഉറപ്പായി. ഇറക്കുമതി തീരുവ നാലു ശതമാനത്തില്‍നിന്ന് ആറു ശതമാനമായാണ് ഉയര്‍ത്തിയത്. ഇതു പ്ലാറ്റിനത്തിന്റെയും വില കൂടാന്‍ കാരണമാകും.
സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതു കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം ആഴ്ചകള്‍ക്കു മുന്‍പു പറഞ്ഞിരുന്നു. ഇറക്കുമതി കുറയ്ക്കാനാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്. രൂപയുടെ മൂല്യമിടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വര്‍ധിച്ച സ്വര്‍ണ ഇറക്കുമതിയാണ്.
ഡോളറിന്റെ ആവശ്യം കൂടുന്നത് അനുസരിച്ച് രൂപയുടെ മൂല്യം ഇടിയുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 2020 കോടി ഡോളറാണ് സ്വര്‍ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടത്.