ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അഭിഭാഷക കമ്മീഷന്‍. ആറന്‍മുളയില്‍ പുതിയ വിമാനത്താവളം വന്നാല്‍ അത് ക്ഷേത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളം ക്ഷേത്രത്തിന്റെ പരിപാവനതയെ നശിപ്പിക്കും. വിമാനത്താവളം ക്ഷേത്രത്തെ ബാധിക്കുമോയെന്ന് അന്വേഷിക്കുന്നതിനായി ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. വിമാനത്താവളത്തിനായി കുന്നുകള്‍ ഇടിച്ച് നിരത്തേണ്ടിവരും. ഇത് ഭാവി തലമുറക്ക് ഭീഷണിയാകും. കുന്നുകളില്‍ ദേവതകള്‍ വസിക്കുന്നതായാണ് വിശ്വാസം. ഈ വിശ്വാസത്തിനും കോട്ടം തട്ടും.
വിമാനത്താവളം വന്നാല്‍ പമ്പാനദിയില്‍ വെള്ളപൊക്കമുണ്ടാകും.ഇതും ക്ഷേത്രത്തെ ബാധിക്കും.കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കണമെന്നത് തന്ത്രവിധിക്ക് എതിരാണ്. വിമാനത്താവളത്തില്‍നിന്നുണ്ടാകുന്ന ശബ്ദമലിനീകരണം ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബാധിക്കും.ക്ഷേത്രത്തിന്റെ ഗോപുരം പഴയതാണ് ഇത് ഇടിഞ്ഞ് വീഴാനും സാധ്യതയുണ്ട്. കൂടാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുന്നതെന്നും എസ് സുഭാഷ് ചന്ദ് അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.