ആറന്മുള വിമാനത്താവള പദ്ധതിയില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് മുന്‍ മന്ത്രിയും സിപി എം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി. ആ തെറ്റ് നിയമസഭയില്‍ ഏറ്റുപറയുന്നതായും അദ്ദേഹം അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു ബേബിയുടെ പരാമര്‍ശം.
ഒരു എംഎല്‍എയുടെ കത്തിന്‍ മേല്‍ ഭൂമിയുടെ പോക്കുവരവിനുള്ള അപേക്ഷ പരിശോധിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചത് തെറ്റായിപ്പോയി. ഒരു തെറ്റ് പറ്റിയെന്ന് കരുതി ജീവിതകാലം മുഴുവന്‍ അത് തുടരേണ്ട കാര്യമില്ല. ഇത് തിരുത്തണം. എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റു പറ്റിയാല്‍ അതിനുമപ്പുറം വലിയ തെറ്റ് ചെയ്യുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ശരിയല്ല- ബേബി പറഞ്ഞു.
നിയമസഭയിലെ ഭൂരിപക്ഷം എംഎല്‍എമാരും എതിര്‍ക്കുന്ന പദ്ധതിയാണിത്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ പോലും എതിര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. പദ്ധതി നടപ്പിലായാല്‍ കേരള ജനത പൊറുക്കില്ല. ഇത്തരം നടപടികള്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്നും ബേബി പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയതിന് പിന്നാലെയാണ് എം എ ബേബിയുടെ ഈ ഏറ്റുപറച്ചില്‍.