ആരെതിര്‍ത്താലും മൂന്നാറില്‍ മുന്നോട്ട്: വെളിയം

Webdunia
തിങ്കള്‍, 25 ജനുവരി 2010 (15:21 IST)
PRO
ആരെതിര്‍ത്താലും മൂന്നാറില്‍ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന് സിപിഐ‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെളിയം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ശക്‌തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെളിയം പറഞ്ഞു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്നും വെളിയം കൂട്ടിച്ചേര്‍ത്തു.

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പ്രശ്നത്തില്‍ പ്രാദേശിക എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നായിരുന്നു സിപി‌എം പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ വെളിയത്തിന്‍റെ മറുപടി. പൊതുവായ താല്‍പര്യം മാത്രമേ കണക്കിലെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാറിലെ ആദ്യ ദൌത്യം സിപിഐയും മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദനും തമ്മിലുള്ള പരസ്യമായ കൊമ്പുകോര്‍ക്കലിനായിരുന്നു ഇടയാക്കിയത്. റവന്യൂവകുപ്പ് സിപി‌ഐയുടെ കയ്യിലായതിനാല്‍ ഒഴിപ്പിക്കല്‍ നടപടിക്ക് സിപിഐ പിന്തുണ വി‌എസിന് ആവശ്യമായിരുന്നു. മൂന്നാറിലെ സിപിഐ ഓഫീസിന് പട്ടയമില്ലെന്ന വാര്‍ത്തകളും സിപിഐയെ ചൊടിപ്പിച്ചിരുന്നു.