മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന്റെ ഉടമ അദ്ദേഹമല്ലെന്ന് വനംവകുപ്പ്. രണ്ട് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇതില്‍ ഒന്നിന്റെ ഉടമ തൃശൂര്‍ സ്വദേശി സി എന്‍ കൃഷ്ണകുമാറും. രണ്ടമത്തേതിന്റെ ഉടമ തൃപ്പൂണിത്തുറ സ്വദേശി എന്‍ കൃഷ്ണകുമാറും ആണെന്നാണ് വനംവകുപ്പ് പറയുന്നത്. ഇവര്‍ വിദേശത്തു പോയപ്പോള്‍ ആനക്കൊമ്പ് മോഹന്‍ലാലിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ എഫ് ഐ ആറില്‍ ആണ് വനംവകുപ്പ് ഇക്കാര്യം പറയുന്നത്.
ഇതു സംബന്ധിച്ച് ഇവര്‍ മോഹന്‍ലാലുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പ് അധികൃതര്‍ക്കു ലഭിച്ചു. ഇരുവരും മോഹന്‍ലാലിന്റെ സുഹൃത്തുക്കളാണ്. കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.
അതേസമയം, കേസില്‍ പൊലീസ് വെള്ളിയാഴ്ച മോഹന്‍ലാലിനെ ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച അദ്ദേഹം കൊച്ചിയിലെത്തുമെന്നാണു പൊലീസിനു ലഭിച്ച വിവരം. മോഹന്‍ലാലിനെ വിളിച്ചു വരുത്തിയോ അല്ലെങ്കില്‍ മറ്റ് എവിടെയെങ്കിലും എത്തിച്ചോ ആയിരിക്കും മൊഴിയെടുക്കുക.
വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറാണ് മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി മോഹന്‍ലാല്‍ ആനകൊമ്പ് കൈവശം വച്ചിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതിനെയാണു പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്. മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണ്ടെടുത്തത്. തുടര്‍ന്ന് വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തിയിരുന്നു.