അശോകന്‍ ഒരു ഈച്ചയെപ്പോലും കൊല്ലില്ല: എളമരം

Webdunia
ശനി, 26 മെയ് 2012 (13:12 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ഒരു ഈച്ചയെപ്പോലും കൊല്ലാന്‍ കഴിയാത്തയാളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം. അശോകനെ പ്രതിയാക്കിയെന്ന വാര്‍ത്ത അദ്ദേഹത്തെ അടുത്തറിയുന്നവര്‍ അത്ഭുതത്തോടെയാണ് കേള്‍ക്കുന്നതെന്നും കരീം പറഞ്ഞു.

നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കുന്നുവെന്നും അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുന്നു എന്നുമാരോപിച്ച് വടകര എസ്പി ഓഫീസിലേക്ക്‌ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരീം.

“സി എച്ച് അശോകനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എ കെ ബാലന്‍ എന്നോടൊരു കാര്യം പറഞ്ഞു. കൈയില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ അടിച്ചുകൊല്ലാതെ ഊതിപ്പറപ്പിക്കുന്ന ആളാണ് അശോകന്‍ എന്ന്. അദ്ദേഹത്തിന് ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാനുള്ള മനസില്ല. 30 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടുള്ളയാളാണ് അശോകന്‍. അദ്ദേഹത്തെ അറസ്റ്റുചെയ്തപ്പോള്‍ ഞാന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കാണാന്‍ ചെന്നെങ്കിലും അതിന് പൊലീസ് അനുവദിച്ചില്ല. ഇതിലൊക്കെ ദുരൂഹതയുണ്ട്. അശോകനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങിയത് എന്ത് ഉദ്ദേശ്യത്തിലാണ്?” - കരീം ചോദിച്ചു.

“സി പി എമ്മുകാര്‍ക്കെതിരെ വടകരയിലും ഒഞ്ചിയത്തുമൊക്കെ വ്യാപകമായ അക്രമം നടക്കുകയാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് ദൌര്‍ബല്യം കൊണ്ടാണെന്ന് കരുതരുത്. ഇനിയൊരു അക്രമ സംഭവം അവിടെ ഉണ്ടാകരുത് എന്ന് കരുതിയാണ്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പറഞ്ഞോളൂ, സംരക്ഷണം നല്‍കാന്‍ സി പി എം സഖാക്കള്‍ക്കറിയാം” - എളമരം കരീം വെല്ലുവിളിച്ചു.