അരി നല്‍കാമെന്ന് ഫുഡ് കോര്‍പ്പറേഷന്‍

Webdunia
തിങ്കള്‍, 12 മെയ് 2008 (14:09 IST)
WDWD
കേന്ദ്രം വില നിശ്ചയിച്ച് നല്‍കിയാല്‍ ഗുണമേന്മയുള്ള അരി നല്‍കാമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അലോക് സിന്‍‌ഹ. ഭക്‍ഷ്യ വകുപ്പ് മന്ത്രി സി ദിവാകരനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചത്.

കേരളത്തിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നും അലോക് സിന്‍‌ഹ ഉറപ്പ് നല്‍കിയതായി ദിവാകരന്‍ പറഞ്ഞു. കേരളത്തിന് പുതുതായി അനുവദിക്കുന്ന വാ‍തക ഏജന്‍സികളുടെ നടത്തിപ്പ് ചുമതല സിവില്‍‌ സപ്ലൈസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ഉറപ്പ് നല്‍കിയതായും ഭ‌ക്‍ഷ്യ മന്ത്രി വെളിപ്പെടുത്തി.

പുതിയ വാതക ഏജന്‍സികളുടെ ഉദ്ഘാടനത്തിനായി ഈ മാസം കേരളം സന്ദര്‍ശിക്കുമെന്നും മുരളി ദേവ്‌റ ഉറപ്പ് നല്‍കിയതായി ദിവാകരന്‍ പറഞ്ഞു. എന്നാല്‍, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യത്തോട് അനുകൂല പ്രതികരണം കേന്ദ്ര പെട്രോളിയം മന്ത്രിയില്‍ നിന്നുണ്ടായില്ല.

കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെയും ദിവാകരന്‍ കാണുന്നുണ്ട്. വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയുമായി ദിവാകരന്‍ ചര്‍ച്ച നടത്തുക. നേരത്തേ, അരിവിഹിതം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ പവാറില്‍ നിന്ന് അനുകൂല നിലപാടല്ല ഉണ്ടായിരുന്നത്.

ബഫര്‍ സ്റ്റോക്ക് ഇല്ലെന്ന കാരണത്താലാണ് കേരളത്തിന് അരി നല്‍കാനാകാത്തതെന്ന് ശരത് പവാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ നല്ല വിളവെടുപ്പ് ലഭിച്ചതിനാല്‍ പ്രതീക്ഷയിലാണ് ദിവാകരന്‍.