അയ്യപ്പനെ കാണാന്‍ പന്തളം രാജപ്രതിനിധി എത്തി

Webdunia
ഞായര്‍, 17 ജനുവരി 2010 (10:59 IST)
കാനനമധ്യത്തില്‍ വാഴുന്ന മകനെ കാണാന്‍ അച്ഛന്‍റെ പ്രതിനിധിയായി പന്തളം രാജകുടുംബാംഗം എത്തി. ചരിത്രവും ആചാരവും കൂടിച്ചേര്‍ന്ന സംഗമത്തിന് ഒരിക്കല്‍ കൂടി ശബരിമല വേദിയായി. അയ്യപ്പന്‍റെ പിതൃസ്ഥാനീയനായ രാജപ്രതിനിധിക്ക് സന്നിധാനത്ത് രാജകീയ വരവേല്‍‌പാണ് നല്‍കിയത്.

പൂരുട്ടാതിനാള്‍ വേണുഗോപാലവര്‍മ്മ രാജയാണ് പന്തളം രാജപ്രതിനിധിയായി ശബരിമലയില്‍ എത്തിയത്. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പമ്പയിലെത്തി വിശ്രമിക്കുകയായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ടാണ് അയ്യപ്പനെ കാണാന്‍ മല കയറിയത്. വാളും പരിചയുമേന്തിയ അനുചരനു പിന്നാലെ പല്ലക്കിലായിരുന്നു രാജപ്രതിനിധിയുടെ യാത്ര.

നെറ്റിപ്പട്ടം കെട്ടിയ ആന, മുത്തുക്കുട, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കെ‌എസ്‌ഇബിക്ക് സമീപം അദ്ദേഹത്തെ സ്വീകരിച്ചു. ഉടവാളേന്തിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ഹരീന്ദ്രനാഥിനൊപ്പം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു അദ്ദേഹത്തെ വരവേറ്റത്.

തുടര്‍ന്ന് പതിനെട്ടാം പടിയിലേക്ക് ആനയിച്ച അദ്ദേഹത്തെ പടിക്ക് താഴെ മേല്‍ശാന്തി വിഷ്ണുനമ്പൂതിരി ആചാരപ്രകാരം കാല്‍ കഴുകിച്ച് പടികയറ്റി. സോപാനത്ത് തന്ത്രി കണ്ഠര് മഹേശ്വരരില്‍നിന്ന് പ്രസാദം വാങ്ങി വടക്കേനടയിലൂടെ പുറത്തിറങ്ങി. തുടര്‍ന്ന് പല്ലക്കിലേറി മാളികപ്പുറത്തെത്തി മണിമണ്ഡപത്തിന് സമീപം മുറിയില്‍ വിശ്രമിച്ചു. ദേവസ്വം കാരാണ്മക്കാര്‍ക്ക് ആചാരമനുസരിച്ച് രാജപ്രതിനിധി പുതുവസ്ത്രം ദാനംചെയ്യുകയും ചെയ്തു.

ഇനിയുള്ള ദിവസങ്ങളില്‍ ശബരിമലയിലെ ചടങ്ങുകള്‍ രാജപ്രതിനിധിയുടെ മേല്‍നോട്ടത്തിലാണ്. നാളെ ഉച്ചയ്ക്ക്‌ 12 ന്‌ മണ്ഡല മകരവിളക്ക്‌ കാലത്തെ അവസാന കളഭാഭിഷേകവും രാത്രി 9.30 ന്‌ മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുളള എഴുന്നളളത്തും നടക്കും. 18ന്‌ രാവിലെ 11 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവൂ. 19 ന്‌ രാത്രി 9 ന്‌ മാളികപ്പുറത്ത്‌ ഗുരുതി നടക്കും. 19ന് രാത്രിവരെയാണ് തീര്‍ഥാടകരെ ദര്‍ശനം നടത്താന്‍ അനുവദിക്കുക. 20ന് സന്നിധാനത്ത് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താനാകുക. അച്ഛനും മകനും സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുന്നു എന്നതാണ് ഇതിന്‍റെ ഐതീഹ്യം. ഇതിനു ശേഷം നട അടയ്ക്കും.