അടൂരിനും മമ്മൂട്ടിക്കും ഡി ലിറ്റ്

Webdunia
തിങ്കള്‍, 11 ജനുവരി 2010 (15:20 IST)
PRO
PRO
മലയാളത്തിന്‍റെ അഭിനയവൈഭവം നടന്‍ മമ്മുട്ടിക്കും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനും മൃദംഗ വിദ്വാന്‍ ഉമയാള്‍പുരം കെ ശിവരാമനും കേരള സര്‍വകലാശാല ഡി.ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. കേരള സര്‍വകലാശാല ഓണററി ഡി ലിറ്റ്‌ നല്‍കി ആദരിക്കുന്ന ആദ്യത്തെ ചലച്ചിത്ര സംവിധായകനാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍.

പഠിച്ച വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നല്‍കിയ സര്‍വകലാശാല തന്നെ ഡോക്‌ടറേറ്റു നല്‍കി ആദരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ മമ്മൂട്ടി പറഞ്ഞു. തനിക്കു ലഭിച്ച ഡോക്‌ടറേറ്റ്‌ തന്നെ ഡോക്‌ടറാക്കണമെന്ന്‌ ആഗ്രഹിച്ച ബാപ്പയുടെ സ്മരണയ്ക്കു മുന്നില്‍ സമര്‍പ്പിക്കുക്കുന്നു. മലയാളിയായി പിറന്നതാണു തന്‍റെ ഏറ്റവും വലിയ ശക്‌തിയെന്നും മമ്മൂട്ടി പറഞ്ഞു.

സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയാണ് മൂന്നുപേര്‍ക്കും ഓണററി ഡി ലിറ്റ് സമ്മാനിച്ചത്. വിദ്യാഭ്യാസമന്ത്രി എം എ ബേബി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.