ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അജ്‌മല്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ചിക്‌ജാല എന്നയാളെ പൊലീസ് അറസ്റ്റുചെയ്‌തു. കോളജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ കൃത്യം നടക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ചോദ്യംചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവമുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒളിവിലാണെന്നാണ് സൂചന.
അതേസമയം സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മലയാളികളായ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അജ്‌മലിനെ റാഗ് ചെയ്‌തുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ റാഗിംഗ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. അജ്‌മല്‍ സീനിയേഴ്‌സിനെതിരായി മരണമൊഴി നല്‍കിയെങ്കിലും അതിന് വേണ്ട തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസും പറയുന്നത്. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യം വ്യക്തമാകൂവെന്ന നിലപാടിലാണ് പൊലീസ്.
ചിക്ക്ബല്ലാപുരയിലെ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട് മബ്റൂഖ് ഹൗസില്‍ അജ്‌മല്‍ (17) വ്യാഴാഴ്‌ച രാത്രിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കെ.എം.സി.സി, എംഎംഎ ഭാരവാഹികളുടെ സഹായത്തോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു.