അക്രമിസംഘമായി ലീഗ് മാറിയിരിക്കുന്നു: പിണറായി

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (15:03 IST)
PRO
PRO
സ്വന്തം പാര്‍ട്ടി നേതാക്കളെ പോലും ആക്രമിക്കുന്ന അക്രമിസംഘമായി മുസ്ലീം‌ ലീഗ് മാറിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാസര്‍കോട് നടന്ന ലീഗ് സമ്മേളനത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്. നേതാക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് തന്നെ വലയം തീര്‍ക്കേണ്ട അവസ്ഥയാണ് ലീഗിനുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി.

ഭരണമുണ്ടെങ്കില്‍ എന്തും കാണിക്കാമെന്ന വിചാരമാണ് ലീഗിന്. കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകരുടെ വീട് കയറി അക്രമണം നടത്തുകയാണ്. സി പി എമ്മിന് പാര്‍ട്ടി കോടതിയില്ല. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിലമാധ്യമങ്ങള്‍ കെട്ടിചമ്മച്ച കള്ളക്കഥയാണ് ഇതെന്നും പിണറായി പറഞ്ഞു.

അക്രമികള്‍ എന്നും സുരക്ഷിതരായിരിക്കും എന്ന തോന്നല്‍ ലീഗിന് വേണ്ട. അതിനെ നേരിടുന്നതിനുള്ള ശേഷി സി പി എമ്മിനുണ്ട്. കാസര്‍കോടും കണ്ണൂരും മുസ്ലീം ലീഗിന്റെ അഹന്തയാണ് വെളിപ്പെടുന്നതെന്നും ഇതിനെ അംഗീകരിക്കുകയാണ് ഭരണക്കാരെന്നും പിണറായി പറഞ്ഞു.