റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (16:38 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാള്‍ട്ട് ഡിസ്‌നിയുടെ കമ്പനിയുടെ കീഴിലുള്ള ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. 70,352 കോടി രൂപയുടെ പുതിയ സംയുക്ത കമ്പനിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ലയനശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാകും സംയുക്ത കമ്പനിയെ നിയന്ത്രിക്കുക.
 
റിലയന്‍സിന് 16.34 ശതമാനവും വയാകോം 18ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവുമാകും സംയുക്ത കമ്പനിയിലെ പങ്കാളിത്തം. നിതാ മുകേഷ് അംബാനിയാകും സംയുക്ത കമ്പനിയുടെ ചെയര്‍ പേഴ്‌സണ്‍. ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകന്‍ ഉദയ് ശക്തര്‍ വൈസ് ചെയര്‍പേഴ്‌സണാകും. സ്റ്റാര്‍, കളേഴ്‌സ് ടെലിവിഷന്‍ ചാനലുകള്‍,ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഇതോടെ ഒരു കുടക്കീഴിലേക്ക് മാറുന്നത്. നൂറിലധികം ടെലിവിഷന്‍ ചാനലുകളാണ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുക. സംയുക്ത കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് കമ്പനിയില്‍ 11,500 കോടിയുടെ നിക്ഷേപം നടത്തും.
 
 നിലവില്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിനും ജിയോ സിനിമയ്ക്കുമായി അഞ്ച് കോടിയിലധികം വരിക്കാരാണുള്ളത്. ലയനത്തോടെ ഇന്ത്യന്‍ മാധ്യമരംഗം മാറ്റത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article