സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പാക്കേജുമായി എച്ച് പി

Webdunia
ശനി, 31 മെയ് 2008 (17:32 IST)
WDWD
വന്‍‌കിട കമ്പനികള്‍ മുതല്‍ ചെറുമീനുകള്‍ വരെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൈറ്റുകളിലെ അതിക്രമിച്ചു കയറ്റവും നിര്‍ണ്ണായകമായ വിവരങ്ങളുടെ മോഷണവും. കം‌പ്യൂട്ടര്‍ വിപ്ലവത്തിന്‍റെ പടവുകള്‍ ഒന്നൊനായി ചവിട്ടിക്കയറുമ്പോഴും ഹാക്കര്‍ (കം‌പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍)‌മാരുടെ ഭീഷണിയില്‍ നിന്നും പൂര്‍ണമായും മോചിതരാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

ബിസിനസ് രംഗത്തുള്ളവരെയാണ് ഹാക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദോഷകരമായി ബാധിച്ചിട്ടുള്ളത്. കമ്പനികള്‍ സ്വന്തമാക്കി വച്ചിട്ടുള്ള പല രഹസ്യ വിവരങ്ങളും ഹാക്കര്‍മാര്‍ എതിരാളികള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ബിസിനസ് രംഗത്ത് ഇന്ന് പതിവ് സംഭവമായി മാറികഴിഞ്ഞു.

ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ എച്ച് പി തങ്ങളുടെ സുരക്ഷ സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തി കഴിഞ്ഞു. ഇതു കൂടാതെ സുരക്ഷ ഒരു സേവനമായും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കമ്പനികള്‍ക്ക് തങ്ങളുടെ വെബ് ഉപയോഗങ്ങളിലുള്ള സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്താനും ഇവ പരിഹരിക്കാനും കഴിയും. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ്

ഇതിന്‍റെ പ്രയോജനം കൂടുതലായി ലഭിക്കുക. ഐ ടി കമ്പനികള്‍ക്ക് സ്വന്തമായി ഓരോ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുമ്പോഴും ഇതിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കി പോരായ്മകള്‍ തിരുത്തി മുന്നേറാന്‍ കഴിയും. പാസ്‌വേര്‍ഡുകള്‍ മോഷ്‌ടിച്ച് ഓര്‍ക്കൂട്ട് പോലുള്ള കമ്മ്യൂണിറ്റി സൈറ്റുകളിലും മറ്റും നടത്തുന്ന കടന്നു കയറ്റത്തിന് കടിഞ്ഞാണിടാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ സഹായകരമാകുമെന്നാണ് എച്ച് പി അവകാശപ്പെടുന്നത്