ശ്രീപത്മനാഭന്‍റെ ചക്രവും മൈക്രോസോഫ്റ്റും!

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (15:48 IST)
PRO
ശ്രീപത്മനാഭന്‍റെ നാല് ചക്രം കിട്ടുക എന്നത് ആരും ആഗ്രഹിച്ചുപോകുന്ന ഒരു കാര്യമാണ്. അത് ഗൂഗിളായലും ശരി മൈക്രോസോഫ്റ്റായാലും ശരി. വിവിധ വകുപ്പുകളുടെ വിവരസാങ്കേതികവിദ്യാ ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ ശ്രീപത്മനാഭന്‍ ചെലവഴിക്കുന്ന തുകയുടെ പങ്ക് പറ്റാന്‍ ഇരു കമ്പനികളും തമ്മില്‍ നടത്തിവരുന്ന അങ്ങാടിത്തല്ല് ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു.

എന്‍റര്‍പ്രൈസ് മൈക്രോസോഫ്റ്റ് ബുധനാഴ്ച നടത്തിയ പ്രഖ്യാപനം അനുസരിച്ച് പതിനാറ്‌ പുതിയ സര്‍ക്കാര്‍ ഉപഭോക്താക്കളെ കമ്പനി കീശയിലാക്കിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഗൂഗിള്‍ വളരെ പിന്നിലാണെന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം. അമേരിക്കയിലെ പ്രശസ്തമായ പോര്‍ട്ട്ലാന്‍റ് പബ്ലിക് സ്കൂളുകള്‍, കൊളറാഡോ ജില്ലയിലെ ലേബര്‍ ഡിപ്പാര്‍‌ട്ട്‌മെന്‍റ് തുടങ്ങിയ സ്ഥാപനങ്ങളാണ് മൈക്രോസോഫ്റ്റിന്‍റെ അപ്ലിക്കേഷന്യുകള്‍ ഉപയോഗിക്കുന്നത്.

പോര്‍ട്ട്ലാന്‍ഡിന്‍റെ അയ്യായിരത്തോളം വരുന്ന ജീവനക്കാരും അമ്പതിനായിരത്തോളം വരുന്ന വരുന്ന വിദ്യാര്‍ത്ഥികളും ലൈവ്‌‌@‌എഡ്യു അപ്ലിക്കേഷന്‍ താമസിയാതെ ഉപയോഗിച്ച് തുടങ്ങും. സ്കൂളുകള്‍ക്ക് വേണ്ടിയുള്ള ഇമെയില്‍ സേവനമാണ് ലൈവ്‌‌@‌എഡ്യു. ജില്ലയിലെമ്പാടും ലൈവ്‌‌@‌എഡ്യു ഉപയോഗിച്ച് ഗുരുശിഷ്യ ബന്ധം പൂത്തു തളിര്‍ക്കുമെന്ന് കോളറാഡൊയിലെ വിദ്യാഭ്യാസ വിചക്ഷണര്‍ കരുതുന്നു.

പോര്‍ട്ട്ലന്‍ഡ് സ്കൂളിന് പുറമെ ആല്‍ബനി സര്‍വ്വകലാശാലയും മൈക്രോസോഫ്റ്റിനെ വിവരവാഹിനിയായി തെരഞ്ഞെടുത്തിട്ടുണ്ട്. നിരവധി മറ്റ് കമ്പനികളും ഗൂഗിളില്‍ നിന്ന് പിന്‍‌വാങ്ങി മൈക്രൊസോഫ്റ്റിനെ തെരഞ്ഞെടുത്തതായാണ് അവകാശവാദം. ബിസിനസ്സ് ഔട്ട്‌സോഴ്സിംഗ് രംഗത്തും തങ്ങള്‍ക്കുള്ള മേല്‍ക്കൈ മൈക്രോസോഫ്റ്റ് എടുത്തുപറഞ്ഞു. ഇതിനായി അധികൃതര്‍ നല്‍കുന്ന ഫിസ്മ (ദ് ഫെഡറല്‍ ഇന്‍‌ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് ആക്‌ട്) സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതായും അവര്‍ അവകാശപ്പെട്ടു. ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നേരത്തെയുണ്ടെന്നത് മറ്റൊരു കാര്യം.

അമേരിക്കന്‍ അധികാരികളെ മറ്റെന്ത് പറഞ്ഞും ഭയപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ സുരക്ഷ എന്ന വാക്ക് കേട്ടാല്‍ ഏത് അമേരിക്കക്കാരനും ഒന്ന് ഞെട്ടും. ആ പേര് പറഞ്ഞ് ഇന്ത്യന്‍ പ്രധാ‍നമന്ത്രിയുടെ തുണിയുരിയാനും അവര്‍ മടിക്കില്ല. ഈ ദൌര്‍ബല്യത്തിലാണ് മൈക്രോസോഫ്റ്റ് കയറിപ്പിടിച്ചിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ബാധയുള്ള ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ പലതും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അവര്‍ പ്രശ്നവല്‍ക്കരിക്കുന്നു.

ഈ ‘സുരക്ഷാക്കാര്യം’ കേട്ടാല്‍ വില്ലേജോഫീസുകളിലെ ഗുമസ്തന്മാര്‍ പോലും ഗൂഗിളിനെ മാറ്റിത്തരൂ എന്നവശ്യപ്പെടും, ഉറപ്പ്!