വിവാഹമോചനം? ഐഫോണിനോടു ചോദിക്കാം!

Webdunia
വെള്ളി, 15 ഏപ്രില്‍ 2011 (15:09 IST)
PRO
വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നവരെ ഇനി ഐഫോണ്‍ സഹായിക്കും! വിവാഹമോചനം സംബന്ധിച്ച നിയമപരമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇനിമുതല്‍ ആപ്പിള്‍ ഐഫോണിലെ ഒരു പ്രോഗ്രാമിലൂടെ നിങ്ങള്‍ക്ക് ലഭ്യമാക്കാം.

‘ഡൈവോഴ്സ്?’ എന്ന ശീര്‍ഷകത്തിലാണ് ഈ പ്രോഗ്രാം ലഭിക്കുന്നത്. 99.9 പൌണ്ട് വിലയുള്ള പ്രോഗ്രാം പക്ഷേ ഇംഗ്ലണ്ടിലെയും വെയില്‍‌സിലെയും ആളുകള്‍ക്ക് മാത്രമായുള്ള സമഗ്രമായ വിവാഹമോചന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. ഒരു സംഘം അഭിഭാഷകരാണ് പ്രോഗ്രാമിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

‘ഡൈവോഴ്സി’ലെ ഒരു അധ്യായത്തില്‍ വിവാഹമോചനത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്നാല്‍, മറ്റ് വിഭാഗങ്ങളില്‍ കുട്ടികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, അഭിഭാഷകനെ തെരഞ്ഞെടുക്കല്‍, ബജറ്റ് തയ്യാറാക്കല്‍ തുടങ്ങിയ അനുബന്ധ കാര്യങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഈ പ്രോഗ്രാം ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുകയും ചെയ്യാം.

എന്നാല്‍, വിവാഹമോചനം സാധാരണ സംഭവമായി കാണുന്ന ഈ പ്രോഗ്രാമിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.