യൂട്യൂബിന് 1 മിനിറ്റില്‍ 36 മണിക്കൂര്‍ വീഡിയോ!

Webdunia
വെള്ളി, 18 ഫെബ്രുവരി 2011 (13:25 IST)
PRO
ലോകത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ ഓരോ മിനിറ്റിലും യൂട്യൂബില്‍ കയറ്റുന്ന വീഡിയോ ക്ലിപ്പുകളുടെ ദൈര്‍ഘ്യം 36 മണിക്കൂറാണെന്ന് ഗൂഗിള്‍. അതായത് ഒരൊറ്റ മണിക്കൂറില്‍ യൂട്യൂബിന് കിട്ടുന്നത് 2160 മണിക്കൂറോളം ആസ്വദിക്കാവുന്ന വീഡിയോ! യൂട്യൂബില്‍ വീഡിയോ കയറ്റുന്ന ഉപയോക്താക്കളില്‍ ഇന്ത്യക്കാരും പിന്നിലല്ല. ബോളിവുഡിലെ അറുപതുകളിലെ ക്ലാസ്സിക്കുകള്‍ മുതല്‍ ഏറ്റവും പുതിയ സിനിമകള്‍ വരെ, നൂറുകണക്കിന് സിനിമകളാണ് ഇപ്പോള്‍ യുട്യൂബില്‍ ഉള്ളത്. ഗൂഗിള്‍ ഇന്ത്യയുടെ പ്രൊഡക്‌റ്റ്സ് ഹെഡ് വിനയ് ഗോയല്‍ വെളിപ്പെടുത്തിയതാണിത്.

“ഹിന്ദി പടങ്ങള്‍ ഓണ്‍ലൈനില്‍ കൊണ്ടു വരാന്‍ യൂട്യൂബ് കാര്യമായി ശ്രമിച്ചുവരികയാണ്. സല്‍മാന്‍ ഖാന്‍ അഭിനയിച്ച ദബാംഗ് ആണ് യുട്യൂബില്‍ ലഭ്യമായ ഏറ്റവും പുതിയ ഹിന്ദി പടം. നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ അവര്‍ നിര്‍മിക്കുന്ന സിനിമകള്‍ യൂട്യൂബില്‍ കോണ്ടു വരാന്‍ ഉത്സാഹം കാണിക്കുന്നുണ്ട്. സീരിയലുകളും ലഭ്യമാണ് സൈറ്റില്‍. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലോകമെമ്പാടുമുള്ള 55 ദശലക്ഷം പ്രേക്ഷകരാണ് യുട്യൂബ് വഴി കണ്ടത്” - വിനയ് ഗോയല്‍ പറഞ്ഞു.

ഓരോ വര്‍ഷവും സൃഷ്ടിച്ച് യൂട്യൂബ് പടച്ചു വിടുന്ന വിവരങ്ങളുടെ കണക്ക് ആരെയു ഞെട്ടിക്കാന്‍ പോന്നതാണ്. എട്ട് ലക്ഷം പെറ്റബൈറ്റ് (ഒരു പെറ്റബൈറ്റ് എന്നാല്‍ ഒരു മില്യണ്‍ ജിഗാബൈറ്റാണ്) വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം യൂട്യൂബ് പടച്ചു! ഇത്രയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ 75 ബില്യണ്‍ ഐപാഡുകള്‍ വേണ്ടിവരുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

തങ്ങളുടെ ‘ഭീകര’ വീഡിയോ ശേഖരം ഉള്‍‌ക്കൊള്ളിക്കാന്‍ ആപ്പിള്‍ നിര്‍മിക്കുന്ന ഐപാഡ് ഉപയോഗിക്കുകയാണെങ്കില്‍ 75 മില്യണ്‍ വേണ്ടിവരും എന്ന് ഗൂഗിള്‍ പറയുന്നത് ഗൂഗിള്‍ ആന്‍ഡ്രോയ്ഡിനോട് മത്സരിക്കുന്ന ആപ്പിള്‍ കേള്‍ക്കാന്‍ വേണ്ടിത്തന്നെയാണ്. ഡിജിറ്റല്‍ കണ്ടന്റ് വിപണിയില്‍ ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് ആപ്പിളും ഗൂഗിളുമാണല്ലോ.

വീഡിയോ അപ്‌ലോഡിംഗും ആസ്വാദനവും കൂടാതെ, നൂറ് ദശലക്ഷം സ്പാം ഒഴിവാക്കിയ ഇമെയിലുകളും ഇന്‍സ്റ്റന്‍റ് മെസ്സേജുകളും ദിനം‌പ്രതി ഗൂഗിളിന്‍റെ യുട്യൂബ് വഴി പായുന്നു. വിവിധ സാമൂഹിക ശൃംഖലാ സൈറ്റുകളിലൂടെ 500 ദശലക്ഷം സന്ദര്‍ശകര്‍ ഗൂഗിളിന് വേറെയുമുണ്ട്.