ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിന് ഹിന്ദിയിലും സഹപോര്‍ട്ടലിന് തുടക്കമായി. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്‍ഷ്യമിട്ടാണ് ഹിന്ദിയില്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നതെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. യൂട്യൂബിന്റെ പൂമുഖ പേജില്‍ നല്‍കിയിരിക്കുന്ന ഷോ ലാംഗ്വേജ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിവിധ ഭാഷകളില്‍ ലഭ്യമായ സഹപോര്‍ട്ടലുകള്‍ ലഭ്യമാകും.
ഈ ലിങ്കില്‍ തന്നെ ‘കറന്റ് ലാംഗ്വേജ്’ എന്ന ലിങ്കിലാണ് യൂട്യൂബ് ഹിന്ദി പോര്‍ട്ടലും നല്‍കിയിരിക്കുന്നത്. ഹിന്ദി തെരഞ്ഞെടുക്കുന്നതോടെ സൈറ്റിലെ മൊത്തം ഇംഗ്ലീഷ് വാക്കുകളും ഹിന്ദിയിലേക്ക് മാറ്റപ്പെടും. എന്നാല്‍, വീഡിയോകളുടെ തലക്കെട്ടുകള്‍ മാത്രം ഇംഗ്ലീഷില്‍ തന്നെ നിലനില്‍ക്കും. ഗൂഗിളിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് മാറ്റുന്ന സംവിധാനം നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് യൂട്യൂബും പ്രാദേശികവത്കരിക്കുന്നത്.
യൂട്യൂബ് ഹിന്ദി പോര്‍ട്ടലില്‍ വ്യക്തി വിവരങ്ങളും പ്രതികരണങ്ങളും വീഡിയോ ഉള്ളടക്കങ്ങളെല്ലാം ഹിന്ദിയില്‍ നല്‍കാനാകുമെന്ന് യൂട്യൂബ് വക്താവ് അറിയിച്ചു. ഓണ്‍ലൈന്‍ വീഡിയോ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പോര്‍ട്ടലാണ് യൂട്യൂബ്. വിവിധ മ്യൂസിക്, സിനിമാ നിര്‍മ്മാണ കമ്പനികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.