മൊബൈലില്‍ സംസാരിച്ചാല്‍ ജയിലിലാകും!

Webdunia
തിങ്കള്‍, 30 ജനുവരി 2012 (10:09 IST)
PRO
PRO
മൊബൈല്‍ ഫോണ്‍ ഉപയോഗം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉത്തര കൊറിയ തീരുമാനിച്ചു. ആരെങ്കിലും മൊബൈല്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞാല്‍ അവര്‍ യുദ്ധക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ താഴെയിറക്കിയ ജനകീയപ്രക്ഷോഭങ്ങള്‍ ഉത്തര കൊറിയയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അധികൃതരുടെ ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഉപയോഗിച്ചാല്‍ അന്യരാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ പെട്ടെന്ന് അറിയാനാകും. ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുടെ വിത്തുപാകുമെന്നും അങ്ങനെ അവര്‍ തങ്ങള്‍ക്കെതിരെ തിരിയും എന്നുമാണ് അധികാരികളുടെ കണക്കുകൂട്ടല്‍.

പുറം‌ലോകത്തെ സംഭവങ്ങള്‍ അറിയണമെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാധ്യമങ്ങളെ തന്നെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണിപ്പോള്‍. ജനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ അധികൃതര്‍ ഒരുമുഴം മുമ്പേ എറിയുകയായിരുന്നു.