ചാരപ്പണിക്കും മൊബൈല്‍

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2008 (14:59 IST)
PROPRO
മൊബൈലിന്‍റെ ഉപയോഗം എണ്ണിയാല്‍ ഒടുങ്ങില്ല, ഇനി മുതല്‍ ചാരപ്പണിക്കും മൊബൈല്‍ ഉപയോഗിക്കാം. ‘വാ‌ച്ച്‌ എനിവെയര്‍ മോണിറ്ററിങ്ങ്‌ ക്യാമറ’ എന്ന ഉപകരണം മൊബൈലിനോട്‌ ഘടിപ്പിച്ചാല്‍ നിങ്ങള്‍ക്ക്‌ എവിടിരുന്നും ആരെ വേണമെങ്കിലും രഹസ്യമായി നിരീക്ഷിക്കാം.

കമ്പ്യൂട്ടര്‍ വെബ്‌കാമിന്‌ സമാനമായ ഹാര്‍ഡ്‌ വെയര്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പുറത്ത്‌ പോകുന്ന വീട്ടമ്മമാര്‍ക്കും, പങ്കാളിയെ വിശ്വാസമില്ലാത്തവര്‍ക്കും ഉപകാരപ്പെടും എന്നാണ്‌ കമ്പനിയുടെ അവകാശവാദം.

ഏത്‌ മുറിയാണോ നിങ്ങള്‍ക്ക്‌ നിരീക്ഷിക്കേണ്ടത്‌ അവിടെ വെബ്‌കാമിന്‌ സമാനമായ ഉപകരണം ഘടിപ്പിക്കണം. ഇവിടുത്തെ ദൃശ്യങ്ങളില്‍ എന്തെങ്കിലും വ്യതിയാനം ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ തന്നെ ഈ ഉപകരണം ദൃശ്യങ്ങള്‍ പകര്‍ത്തി നിങ്ങളുടെ മൊബൈലിലേക്ക്‌ അയച്ചു തരും.

ആരുമില്ലാതെ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ കള്ളന്‍ കയറിയാല്‍ പൊലീസിനെ എത്രയും വേഗം വിവരം അറിയിക്കാന്‍ ഈ സേവനം ഉപകാരപ്പെടും എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

ഭാര്യമാത്രം വീട്ടിലുള്ളപ്പോള്‍ ജാരന്‍ വരുന്നുണ്ടോ എന്ന്‌ അറിയാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.

നിരീക്ഷിക്കപ്പെടേണ്ട സ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ ഏത്‌ സമയത്തും മൊബൈല്‍ വഴി ശേഖരിക്കാനും കഴിയും. രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇന്‍ഫ്രാറെഡ്‌ മോഡും ഈ ഉപകരണത്തില്‍ ഉണട്‌‌.

മനുഷ്യനെ ഒളിഞ്ഞ്‌ നോക്കാന്‍ പ്രേരിപ്പിക്കുന്നതും സ്വകാര്യതയിലേക്ക്‌ കടന്നു കയറ്റം നടത്തുന്നതുമാണ്‌ ഇത്തരം സാങ്കേതികവിദ്യകളെന്ന്‌ ഒരു കൂട്ടം സന്നദ്ധസംഘടനകള്‍ വാദിക്കുന്നു. 495 ആസ്‌ട്രേലിയന്‍ ഡോളറാണ്‌ ഈ ഉപകരണത്തിന്‍റെ വില.