ഇന്ത്യയില്‍ നെറ്റ് മുന്നോട്ട്

Webdunia
ഞായര്‍, 1 ഫെബ്രുവരി 2009 (09:56 IST)
PTI
രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2008ല്‍ തൊട്ട് മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ “ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ്” എന്ന പഠനത്തിലാണ് ഈ വിവരമുള്ളത്.

രാജ്യത്ത് 45.3 മില്യണ്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 42 മില്യണ്‍ ആളുകളും നഗരപ്രദേശങ്ങളിലുള്ളവരാണ്. മുന്‍ വര്‍ഷം മൊത്തം ഉപയോക്താക്കളുടെ എണ്ണം 36 മില്യണ്‍ ആയിരുന്നു.

മാസത്തില്‍ ഒരിക്കലെങ്കിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരെയാണ് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളായി പഠനത്തില്‍ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ വല്ലപ്പോഴും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പരിഗണിക്കുകയാണെങ്കില്‍ മൊത്തം ഉപയോക്താക്കളുടെ എണ്ണം 57 മില്യണ്‍ വരും.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2008ല്‍ വര്‍ദ്ധന വളരെ സാവധാനത്തിലായിരുന്നെന്ന് പഠനം വിലയിരുത്തുന്നു. ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ വര്‍ദ്ധന കുറവാണ്. ചൈനയില്‍ 250 മില്യണില്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.