അജ്ഞാത വൈറസ് വ്യാപിക്കുന്നു

Webdunia
തിങ്കള്‍, 26 ജനുവരി 2009 (17:46 IST)
അമിത നശീകരണ ശേഷിയുള്ള ഒരു വൈറസ് ലോകത്തെ ഏതാണ്ട് 15 മില്യണ്‍ കമ്പ്യൂട്ടറുകളെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ‘ഡൊണാഡപ്‘ അഥവാ ‘കോണ്‍ഫിക്കര്‍‘ എന്ന പേരിലുള്ള ഈ വൈറസ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ആറ് മില്യണ്‍ കമ്പ്യൂട്ടറുകളില്‍ കടന്നുകൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ മന്ത്രാലയം, ആശുപത്രികള്‍ തുടങ്ങി ബ്രിട്ടനിലെ 3000ല്‍ അധികം സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഈ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഈ വൈറസിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഐടി വിദഗ്ദ്ധര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഓണ്‍‌ലൈന്‍ അക്കൌണ്ടുകള്‍, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങളില്‍ കടക്കാന്‍ ഈ വൈറസിന് കഴിയുമോ എന്ന് ഐ‌ടി ലോകം ആശങ്കപ്പെടുന്നുണ്ട്. ഏതായാലും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിലാണ് ഗവേഷകര്‍.