പത്തില്‍ അഞ്ച് മാര്‍ക്കുപോലും തരില്ല, വളരെ മോശം ക്യാപ്റ്റന്‍സി; പന്തിനെതിരെ സെവാഗ്

Webdunia
ബുധന്‍, 28 ഏപ്രില്‍ 2021 (14:22 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍ക്കാന്‍ കാരണം നായകന്‍ റിഷഭ് പന്തിന്റെ മോശം ക്യാപ്റ്റന്‍സിയെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. പന്തിന്റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ അഞ്ച് മാര്‍ക്ക് പോലും നല്‍കാന്‍ സാധിക്കില്ലെന്നും സെവാഗ് പറഞ്ഞു. 
 
'ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും ഉണ്ടാകരുത്. പന്തിന്റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ അഞ്ച് മാര്‍ക്ക് പോലും ഞാന്‍ നല്‍കില്ല. അവസരങ്ങള്‍ക്ക് അനുസരിച്ച് ബൗളര്‍മാരെ ഉപയോഗിക്കാന്‍ ഒരു ക്യാപ്റ്റന് സാധിക്കണം. മത്സരത്തിന്റെ ഗതി മാറ്റുന്നതിലാണ് ഒരു നായകന്റെ കഴിവ് പ്രകടമാകുന്നത്. ബൗളര്‍മാരുടെ കാര്യത്തിലും ഫീല്‍ഡര്‍മാരുടെ കാര്യത്തിലും മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഒരു നല്ല നായകന് സാധിക്കണം,' സെവാഗ് പറഞ്ഞു. 

ഈ സീസണിലെ ഏറ്റവും ആവേശമേറിയ മത്സരമായിരുന്നു ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്നത്. ജയ പരാജയ സാധ്യതകള്‍ അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ഒരു പന്തില്‍ ആറ് റണ്‍സെടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ ഡല്‍ഹിക്കായി ബാറ്റ് ചെയ്തിരുന്നത് നായകന്‍ റിഷഭ് പന്താണ്. അവസാന പന്തില്‍ ഫോര്‍ നേടാനേ പന്തിന് സാധിച്ചുള്ളൂ. ഒടുവില്‍ ഒരു റണ്‍സിന് തോല്‍വി വഴങ്ങുമ്പോള്‍ പന്തും നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹിയുടെ മറ്റൊരു ബാറ്റ്‌സ്മാന്‍ ഹെറ്റ്മയറും ഏറെ നിരാശയിലായിരുന്നു. വിജയത്തിനു വക്കോളമെത്തിയ ശേഷം മത്സരം കൈവിട്ടതിലുള്ള നിരാശയും വിഷമവുമായിരുന്നു രണ്ട് പേര്‍ക്കും. 

അവസാന ഓവര്‍ എറിയാന്‍ സിറാജ് എത്തുമ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത്‌ ആറ് പന്തില്‍ 14 റണ്‍സ് മാത്രം. വെടിക്കെട്ട് ഷോട്ടുകളുമായി കളം നിറഞ്ഞുനില്‍ക്കുന്ന ഹെറ്റ്മയറും ഏത് പ്രതിസന്ധിയെയും വളരെ കൂളായി കൈകാര്യം ചെയ്യാന്‍ പക്വത നേടിയ നായകന്‍ റിഷഭ് പന്തും ഡല്‍ഹിക്കായി ക്രീസില്‍. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സോ ഫോറോ പോയിരുന്നെങ്കില്‍ കളിയുടെ ഗതി പൂര്‍ണമായും മാറുന്ന സാഹചര്യം. എന്നാല്‍, യാതൊരു സമ്മര്‍ദവുമില്ലാതെ സിറാജ് പന്തെറിയുന്ന മനോഹരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. 
 
അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ മാത്രം! ഓവര്‍ പിച്ച് യോര്‍ക്കര്‍ ആയിരുന്നു അത്. യോര്‍ക്കറുകള്‍ കൊണ്ട് ഡത്ത് ഓവറില്‍ വിറപ്പിക്കുന്ന സിറാജിനെ ഈ സീസണില്‍ തന്നെ നേരത്തെയും കണ്ടതാണ്. രണ്ടാം പന്ത് ലെഗ് സ്റ്റംപ് യോര്‍ക്കര്‍ ! ബൗണ്ടറി നേടാന്‍ ഉറപ്പിച്ചുനില്‍ക്കുന്ന ഹെറ്റമയര്‍ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. നേടിയത് സിംഗിള്‍ മാത്രം. മൂന്നാം പന്തും യോര്‍ക്കര്‍ തന്നെ! ഒറ്റക്കൈയന്‍ ഷോട്ടുകളിലൂടെ ബൗണ്ടറി നേടാന്‍ അസാമാന്യ കഴിവുള്ള റിഷഭ് പന്ത് പകച്ചുപോയി. സിംഗിള്‍ പോലും നേടാന്‍ സാധിച്ചില്ല. അവസാന ഓവറിലെ നാലാം പന്തില്‍ പന്ത് ഡബിള്‍ ഓടി. പിന്നീടുള്ള രണ്ട് പന്തില്‍ നിന്ന് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സാണ്. അഞ്ചാം പന്തില്‍ ഫോര്‍ നേടി. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നായി. ഡല്‍ഹിക്ക് പ്രതീക്ഷകള്‍ ബാക്കി. കാരണം, പന്താണ് ക്രീസില്‍. വിജയിക്കാനുള്ള സാധ്യതകളുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടും പ്രതിരോധത്തിലാകാതെ ഷോട്ട് കളിക്കാന്‍ സാധിക്കുന്ന താരമാണ് പന്ത്. ഓഫ് സൈഡിലേക്ക് തള്ളി ഒരു വൈഡ് യോര്‍ക്കറാണ് സിറാജ് എറിഞ്ഞത്. എത്ര മികച്ച ഷോട്ട് കളിച്ചാലും ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പന്തിന് ഒരു ഫോറിന് അപ്പുറം ഒന്നും നേടാന്‍ സാധിക്കാത്ത തരത്തിലുള്ള ഡെലിവറിയായിരുന്നു അത്. ടി 20 ഒരു ഓവറില്‍ 30 റണ്‍സ് വരെ അടിച്ചെടുത്ത് ജയിച്ച ചരിത്രമുള്ളപ്പോഴാണ് വെറും 14 റണ്‍സ് പ്രതിരോധിച്ച് സിറാജ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article