'ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും ഉണ്ടാകരുത്. പന്തിന്റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ അഞ്ച് മാര്‍ക്ക് പോലും ഞാന്‍ നല്‍കില്ല. അവസരങ്ങള്‍ക്ക് അനുസരിച്ച് ബൗളര്‍മാരെ ഉപയോഗിക്കാന്‍ ഒരു ക്യാപ്റ്റന് സാധിക്കണം. മത്സരത്തിന്റെ ഗതി മാറ്റുന്നതിലാണ് ഒരു നായകന്റെ കഴിവ് പ്രകടമാകുന്നത്. ബൗളര്‍മാരുടെ കാര്യത്തിലും ഫീല്‍ഡര്‍മാരുടെ കാര്യത്തിലും മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഒരു നല്ല നായകന് സാധിക്കണം,' സെവാഗ് പറഞ്ഞു.
ഈ സീസണിലെ ഏറ്റവും ആവേശമേറിയ മത്സരമായിരുന്നു ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്നത്. ജയ പരാജയ സാധ്യതകള്‍ അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ഒരു പന്തില്‍ ആറ് റണ്‍സെടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ ഡല്‍ഹിക്കായി ബാറ്റ് ചെയ്തിരുന്നത് നായകന്‍ റിഷഭ് പന്താണ്. അവസാന പന്തില്‍ ഫോര്‍ നേടാനേ പന്തിന് സാധിച്ചുള്ളൂ. ഒടുവില്‍ ഒരു റണ്‍സിന് തോല്‍വി വഴങ്ങുമ്പോള്‍ പന്തും നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹിയുടെ മറ്റൊരു ബാറ്റ്‌സ്മാന്‍ ഹെറ്റ്മയറും ഏറെ നിരാശയിലായിരുന്നു. വിജയത്തിനു വക്കോളമെത്തിയ ശേഷം മത്സരം കൈവിട്ടതിലുള്ള നിരാശയും വിഷമവുമായിരുന്നു രണ്ട് പേര്‍ക്കും.