വിരാട് കോലി ബാറ്റിങ് നിരയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ടോ? മാറ്റണം ഈ മെല്ലെപ്പോക്ക് ശൈലി

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (14:24 IST)
ബാറ്റിങ്ങില്‍ വിരാട് കോലിയുടെ മെല്ലെപ്പോക്ക് ശൈലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തലവേദനയാകുന്നു. ഈ സീസണില്‍ ബാംഗ്ലൂരിന്റെ രണ്ട് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ഇതില്‍ രണ്ടിലും ആര്‍സിബി ജയിച്ചെങ്കിലും കോലിയുടെ ബാറ്റിങ് ശൈലി വിമര്‍ശിക്കപ്പെട്ടു. ടി 20 ക്രിക്കറ്റിന്റെ വേഗത പലപ്പോഴും കോലിയുടെ ബാറ്റിന് നഷ്ടമാകുന്നതായി നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
 
ടി 20 യില്‍ കോലിയുടെ സ്ട്രൈക് റേറ്റ് ഓരോ വര്‍ഷം കഴിയുംതോറും കുറഞ്ഞുവരികയാണ്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ കോലി 33 റണ്‍സ് നേടിയത് 29 പന്തുകള്‍ നേരിട്ടാണ്. നാല് ബൗണ്ടറി മാത്രമാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. സ്ട്രൈക് റേറ്റ് 113.79 ആയിരുന്നു. ഓപ്പണറായി ഇറങ്ങിയ കോലി 33 റണ്‍സ് നേടാന്‍ 29 പന്തുകള്‍ പാഴാക്കിയപ്പോള്‍ ആര്‍സിബിയുടെ റണ്‍റേറ്റിനെയും അത് സാരമായി ബാധിച്ചു. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും ബാംഗ്ലൂര്‍ നായകന്‍ നേടിയത് 113.79 സ്ട്രൈക് റേറ്റില്‍ 29 പന്തില്‍ നിന്ന് 33 റണ്‍സ് തന്നെ. 
 
2018 മുതലുള്ള കണക്കുകള്‍ എടുത്ത് നോക്കിയാല്‍ ടി 20 ക്രിക്കറ്റില്‍ കോലിയുടെ സ്ട്രൈക് റേറ്റ് 133.1 ആണ്. ടി 20 യില്‍ ആകട്ടെ അത് 121.4 മാത്രവും. ആര്‍സിബിയില്‍ കോലിക്ക് ശേഷം എ.ബി.ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ കൂറ്റനടിക്കാരാണ് വരുന്നത്. അതുകൊണ്ട് തന്നെ സമ്മര്‍ദങ്ങളില്ലാതെ കോലി ബാറ്റ് വീശണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ അടക്കം അഭിപ്രായപ്പെടുന്നത്.
 
ആര്‍സിബിക്കായി ഓപ്പണര്‍ വേഷത്തിലെത്തുന്ന കോലി വേഗത കുറഞ്ഞ ഇന്നിങ്സുകള്‍ കളിക്കുന്നത് പിന്നാലെ വരുന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അതാണ് കണ്ടത്. ആദ്യ മത്സരത്തില്‍ മുബൈ ഉയര്‍ത്തിയ 159 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ പോലും കോലിക്ക് ബാറ്റിടറുകയായിരുന്നു. ഒടുവില്‍ ഇന്നിങ്സിന്റെ അവസാന പന്തിലാണ് ആര്‍സിബി മുംബൈ ഇന്ത്യന്‍സിനെതിരെ ജയിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article