സഞ്ജു ചെയ്‌തത് ശരിയായ കാര്യം: സിംഗിൾ വിവാദത്തിൽ നായകനെ പിന്തുണച്ച് സംഗക്കാര

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (15:36 IST)
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നിനാണ് ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. പഞ്ചാബ് കിംഗ്‌സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രാജസ്ഥാൻ നായകൻ സഞ്ജു പൊരുതിയെങ്കിലും മത്സരത്തിന്റെ അവസാന ബോളിൽ സിക്‌സറിന് ശ്രമിച്ച് താരം പുറത്താവുകയായിരുന്നു.
 
എന്നാൽ അവസാന പന്തിന് മുൻപ് രണ്ട് ബോളിൽ 5 റൺസ് വേണമെന്ന നിലയിൽ സിംഗിൾ ഓടാനുള്ള അവസരം സ‌ഞ്ജു വേണ്ടെന്ന് വെച്ചിരുന്നു. നോൺ സ്ട്രൈക്ക് എൻഡിൽ നിന്നും മോറിസ് റൺസിനായി ഓടിയെങ്കിലും സഞ്ജു സഹകരിച്ചില്ല. മത്സരത്തിൽ സഞ്ജുവിന്റെ ഈ തീരുമാനത്തെ ചൊല്ലി രണ്ട് തട്ടിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ ഈ വിഷയത്തിൽ രാജസ്ഥാൻ നായകനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടീം കോച്ച് കുമാർ സംഗക്കാര.
 
സഞ്ജു മത്സരം ഫിനിഷ് ചെയ്യാമെന്ന് കരുതിയിരുന്നുവെന്നും സിക്‌സറിൽ നിന്ന് അഞ്ചോ ആറോ വാര മാത്രം അകലെയായിരുന്നു അവസാന പന്തെന്നും സംഗക്കാര പറഞ്ഞു. നഷ്ടപ്പെട്ട സിംഗിളിനെ കുറിച്ചോർ‌ത്ത് പലതും പറയാമെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം താരങ്ങളുടെ മനോഭാവത്തിലും പ്രതിബദ്ധതയിലുമുള്ള വിശ്വാസമാണ് പ്രധാനം. ആ കളി പൂർത്തിയാക്കാമെന്ന ഉത്തരവാദിത്വം സഞ്ജു ഏറ്റെടുത്തു. കുറ‌ച്ച് വാരകൾ മാത്രം അകലെ വീണു. എന്നാൽ അടുത്ത തവണ അത് അദ്ദേഹം മറികടക്കുമെന്ന് ഞാൻ കരുതുന്നു. സംഗക്കാര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article