സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തുമോ? രാജസ്ഥാനും മുംബൈയും ഇന്ന് നേർക്കുനേർ

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (17:00 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും.  നാല് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ രാജസ്ഥാന് ആദ്യ നാലിലെത്താം.
 
ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തകർപ്പൻ ബാറ്റിങ് പ്രകടനങ്ങളോട് കൂടി വൻ പ്രതീക്ഷകൾ നൽകിയാണ് രാജസ്ഥാൻ ഈ സീസണിന് തുടക്കമിട്ടത്. ആദ്യ രണ്ട് മത്സരങ്ങളിൽ രാജസ്ഥാന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും പിന്നീടുള്ള മത്സരങ്ങളിൽ വിജയമായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രൺറ്റിലും സഞ്ജുവിന് 10 മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. റോബിൻ ഉത്തപ്പയുടെയും റിയാൻ പരാഗിന്റെയും മോശം ഫോമും രാജസ്ഥാന് തിരിച്ചടിയാണ്. ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോസ് ബട്ട്‌ലർക്കും ഫോമിലെത്താൻ സാധിച്ചിട്ടില്ല.
 
അതേസമയം തുടര്‍ വിജയങ്ങളോടെ ആത്മവിശ്വാസം വീണ്ടെടുത്ത മുംബൈ നിരയില്‍ എല്ലാവരും ഫോമിലെത്തിക്കഴിഞ്ഞു. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ഇഷാന്‍ കിഷനും പാണ്ഡ്യ സഹോദരന്‍മാർക്കും ഒപ്പം പൊള്ളാർഡ് കൂടി ചേരുമ്പോൾ മുംബൈ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരിക്കുകയാണ്. ബൗളർമാരി ജസ്‌പ്രീത് ബു‌മ്രക്ക് പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലെങ്കിലും ട്രെന്റ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും മികച്ച പ്രകടനമാണ് മുംബൈക്കായി കാഴ്‌ച്ചവെക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍