തല്ലുകൊള്ളി എന്ന് വിളിച്ചവർ കാണുന്നുണ്ടോ? സിറാജിനെ പ്രശംസകൊണ്ട് മൂടി ആരാധകർ

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (13:04 IST)
ഐപിഎല്ലിൽ ഇതുവരെയും തല്ലുകൊള്ളി എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന താരമാണ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ്. ഇത്തവണയും ഐപിഎല്ലിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ സിറാജ് പിശുക്കൊന്നും കാട്ടിയിരുന്നില്ല. അതിനാൽ തന്നെ ആർസിബിയുടെ പേസ് ആക്രമണത്തിൽ ആരാധകരും സിറാജിനെ വലിയ അളവിൽ വില കൊടുത്തിരുന്നില്ല. എന്നാൽ ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിൽ തന്റെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്.
 
തല്ലുകൊള്ളി എന്ന് വിളിപ്പിച്ചവരെ കൊണ്ട് ചെക്കൻ മരണമാസാണ് എന്ന് തിരുത്തിവിളിപ്പിച്ചിരിക്കുകയാണ് സിറാജ്. അബുദാബിയിൽ നടന്ന മത്സരത്തിൽ പവർപ്ലേയിൽ സിറാജ് അക്ഷരാർത്ഥത്തിൽ കൊൽക്കത്തയെ പിഴുതെറിഞ്ഞ കൊടുങ്കാറ്റാവുകയായിരുന്നു. രണ്ട് മെയ്‌ഡൻ ഉൾപ്പടെ ആദ്യ മൂന്നോവറിൽ വെറും രണ്ട് റൺസിന് മൂന്ന് വിക്കറ്റ്.
 
തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വമ്പനടിക്കാരൻ രാഹുൽ ത്രിപാഠി പുറത്ത്.തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയ്ക്ക്‌ ഇരട്ട പ്രഹരം നല്‍കി.കളി തിരിച്ചുപിടിക്കാൻ ശ്രമിച്ച ടോം ബാന്റണെയും സിറാജ് തന്നെ പവലിയനിലേക്കയച്ചു.ഒടുക്കം നാലോവറുകളുള്ള തന്റെ സ്പെൽ അവസാനിക്കുമ്പോൾ ഏതൊരു ലോകോത്തര ബൗളറും കൊതിക്കുന്ന ഫിഗർ തന്റെ പേരിൽ സിറാജ് എഴുതിചേർത്തു. നാലോവർ രണ്ട് മെയ്‌ഡൻ എട്ട് റൺസ് മൂന്ന് വിക്കറ്റ്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മത്സരത്തില്‍ രണ്ട് മെയ്‌ഡന്‍ ഓവര്‍ എറിയുന്ന ആദ്യ താരമെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article