റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം വിടാന്‍ കാരണം പ്രതിഫലപ്രശ്‌നമല്ലെന്ന് റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ തന്റെ സ്വാധീനം നഷ്ടമാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് പന്ത് ക്ലബ് വിട്ടതെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്കി പോണ്ടിംഗിനെ പരിശീലകസ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ അക്ഷര്‍ പട്ടേലിനെ നായകനാക്കാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആലോചിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജിഎംആര്‍ ഗ്രൂപ്പും ജെഎസ് ഡബ്യു ഗ്രൂപ്പുമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉടമകള്‍. ഇവര്‍ തമ്മിലുള്ള ധാരണ പ്രകാരം ജിഎംആര്‍ ഗ്രൂപ്പാണ് അടുത്ത 2 വര്‍ഷത്തേക്ക് ക്ലബിന്റെ കാര്യങ്ങള്‍ നോക്കിനടത്തേണ്ടത്. ഇതിനെ തുടര്‍ന്ന് പോണ്ടിംഗിനെ പരിശീലകസ്ഥാനത്ത് നിന്നും മാറ്റി ഹേമന്ദ് ബദാനിയെ ടീം പരിശീലകനാക്കിയിരുന്നു. ടീം ഡയറക്ടറായി വൈ വേണുഗോപാല്‍ റാവുവിനെയും കൊണ്ടുവന്നു. ഈ രണ്ട് തീരുമാനങ്ങളിലും പന്തിന് അതൃപ്തിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് പന്ത് ക്ലബിന് പുറത്തുപോകാന്‍ തീരുമാനിച്ചത്.
നിലവില്‍ പഞ്ചാബ് കിങ്ങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ആര്‍സിബി, ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ടീമുകള്‍ക്കെല്ലാം ഒരു വിക്കറ്റ് കീപ്പര്‍ താരത്തെ ആവശ്യമായുണ്ട്. ഈ സാഹചര്യത്തില്‍ പന്തിന് വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച വില തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. അടുത്ത സീസണിന് മുന്നോടിയായി അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്, അഭിഷേക് പോറല്‍ എന്നീ താരങ്ങളെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്.