ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വിരാട് കോലിയും രോഹിത് ശര്‍മയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇരുവര്‍ക്കും സ്വന്തമായുണ്ട്. അതിനാല്‍ തന്നെ താരങ്ങളുടെ പേരില്‍ ഇരുവരുടെയും ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റ് ഉണ്ടാകുന്നതും സ്വാഭാവികമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയും രോഹിത്തും തമ്മില്‍ മത്സരമുണ്ടെങ്കിലും ഐപിഎല്ലില്‍ ബാറ്ററെന്ന നിലയില്‍ കോലിയ്ക്ക് വട്ടം നില്‍ക്കുന്ന പ്രകടനം രോഹിത്തില്‍ നിന്നും ഉണ്ടായിട്ട് കാലങ്ങളായി.
ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ കോലി മുന്‍പന്തിയിലാണെങ്കിലും താരം ഒരു മത്സരത്തിലെങ്കിലും സ്‌ട്രൈക്ക്‌റേറ്റില്‍ പിന്നില്‍ പോയാല്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നത് സ്ഥിരമാണ്. ഈ ഐപിഎല്ലില്‍ തന്നെ നിരവധി തവണയാണ് കോലിയ്ക്ക് ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യാനാവില്ല എന്ന വിമര്‍ശനം ഉയര്‍ന്നത്. തൊട്ടടുത്ത മത്സരങ്ങളിലൂടെ കോലി ഇതിന് മറുപടി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കഴിഞ്ഞ 5-6 മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയ്‌ക്കെതിരെ ഒരു വിമര്‍ശനങ്ങളും ഉയര്‍ന്നില്ല.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരെ 24 പന്തില്‍ നിന്നും 19 റണ്‍സാണ് രോഹിത് നേടിയത്. 16 ഓവര്‍ മത്സരത്തിലെ വിലപ്പെട്ട നാലോവറുകള്‍ ഓപ്പണറായി എത്തി പാഴാക്കിയിട്ട് പോലും കോലിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ഹര്‍ഷ ഭോഗ്ലെ, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ ഇതിനെതിരെ ഒരു വിമര്‍ശനം പോലും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം 120ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്യുന്ന കോലി വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ ഗവാസ്‌കര്‍ രോഹിത് ഇന്നലെ കളിച്ചത് പോലും അറിഞ്ഞ മട്ടില്ല.
ഇതാദ്യമായല്ല ഗവാസ്‌കര്‍ കോലിയ്ക്ക്തിരെ വിമര്‍ശനം ഉന്നയിക്കുന്നതും രോഹിത് മോശം പ്രകടനം നടത്തുമ്പോള്‍ അതില്‍ കണ്ണടയ്കുകയും ചെയ്യുന്നത്. മുംബൈയില്‍ നിന്നുമല്ലാത്ത താരങ്ങള്‍ക്കെതിരെ മാത്രമാണ് പൊതുവെ ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്താറുള്ളത്. ഈ മുംബൈ വികാരമാണ് കോലി സ്ഥിരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ രോഹിത് യാതൊരു വിമര്‍ശനവും ഏല്‍ക്കാതെ പോകുന്നതിന് കാരണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എന്തായാലും കഴിഞ്ഞ മത്സരങ്ങളിലെ രോഹിത്തിന്റെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മുകളില്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഐപിഎല്ലിലെ മോശം പ്രകടനം ലോകകപ്പില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രാര്‍ഥിക്കാനുള്ളത്.