പ്ലേ ഓഫിൽ കയറുന്നതിനല്ല, കളിക്കുന്നത് ആത്മാഭിമാനം കാക്കാൻ, ഇനിയും ആരാധകരെ നിരാശപ്പെടുത്താനാകില്ല: കോലി
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട് ഒരുപാട് പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ടീമാണ് ആര്‍സിബി. കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളോടെ പോയന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ വിദൂരമാണെങ്കിലും പഞ്ചാബിനെതിരെ നേടിയ കൂറ്റന്‍ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു.
അതേസമയം പ്ലേ ഓഫ് ലക്ഷ്യം വെച്ചല്ല ആര്‍സിബി ഇപ്പോള്‍ കളിക്കുന്നതെന്നും ആര്‍സിബി പ്ലേ ഓഫിലെത്തുമോ എന്നത് മറ്റ് ടീമുകളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും കോലി പറയുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോലി. പ്ലേ ഓഫില്‍ കയറുമോ എന്ന കാര്യം അലട്ടുന്നില്ലെന്നും നിലവില്‍ ആര്‍സിബി കളിക്കുന്നത് ആത്മാഭിമാനത്തിന് വേണ്ടിയാണെന്നും കോലി പറഞ്ഞു.
എനിക്കും ടീമിനും വേണ്ടിയുള്ള സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഒരു വലിയ ടൂര്‍ണമെന്റിലൂടെ പോകുമ്പോള്‍ സ്വയം സത്യസന്ധത പുലര്‍ത്തുക എന്നതാണ് പ്രധാനം. തുടര്‍ തോല്‍വികളുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ ടീം ശ്രമിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാലും പ്ലേ ഓഫില്‍ കളിക്കുമോ എന്നത് മറ്റ് ടീമുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഞങ്ങളുടെ ആത്മാഭിമാനത്തിനായാണ് ഞങ്ങള്‍ കളിക്കുന്നത്. ഞങ്ങളെ പിന്തുണക്കുന്ന ഞങ്ങളുടെ ആരാധകരെ നിരാശരാക്കാന്‍ കഴിയില്ല. കോലി പറഞ്ഞു.