ഇയാൾ ഐപിഎല്ലിൽ അടുത്തെങ്ങും ഹിറ്റായിട്ടില്ല, ഇപ്പോൾ ടെസ്റ്റ് മാനായി, ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാധ്യതയാകുമോ എന്ന ആശങ്കയിൽ ആരാധകരും

അഭിറാം മനോഹർ

ഞായര്‍, 12 മെയ് 2024 (10:03 IST)
മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണെങ്കിലും ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് മുകളിലായി ശരാശരി പ്രകടനമാണ് രോഹിത് ശര്‍മ നടത്തുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ വലിയ രോഷം മുംബൈ ആരാധകരില്‍ നിന്നുണ്ടായ ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ സാമാന്യം നല്ല പ്രകടനം തന്നെ കാഴ്ച വെയ്ക്കാനായെങ്കിലും ഐപിഎല്ലിലെ പിന്നീടുള്ള മത്സരങ്ങള്‍ നിറം മങ്ങിയ പ്രകടനമാണ് രോഹിത് നടത്തിയത്.
 
സീസണിലെ അഞ്ച് മത്സരങ്ങളിലാണ് രണ്ടക്കം കാണാനാവാതെ രോഹിത് പുറത്തായത്.  അവസാന മത്സരങ്ങളിലെല്ലാം തന്നെ ചുരുക്കം ബോളുകള്‍ നിന്ന് വിക്കറ്റ് സമ്മാനിക്കുന്ന രീതിയിലായിരുന്നു രോഹിത്തിന്റെ പ്രകടനം. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മഴമൂലം 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ പക്ഷേ ടീമിനെ തന്നെ തോല്‍പ്പിക്കുന്നതായിരുന്നു രോഹിത്തിന്റെ മെല്ലെപ്പോക്ക് പ്രകടനം. ഓപ്പണറായ ഇഷാന്‍ കിഷന്‍ 22 പന്തില്‍ 40 റണ്‍സുമായി തകര്‍ത്തടിച്ചത് ടീമിന്റെ റണ്‍റേറ്റ് പിടിച്ചുനിര്‍ത്താന്‍ സഹായിച്ചെങ്കിലും 16 ഓവറുകളിലെ 4 ഓവര്‍ നിന്ന രോഹിത് ഇത്രയും പന്തുകളില്‍ നിന്നും നേടിയത് വെറും 19 റണ്‍സാണ്.
 
 പല പന്തുകളും ടൈമിംഗ് ചെയ്യുന്നതില്‍ രോഹിത് പരാജയപ്പെട്ടു. ഏകദിന ക്രിക്കറ്റില്‍ പോലും അന്യം വന്നുകഴിഞ്ഞ 79.17 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇന്നലെ താരം ബാറ്റ് വീശിയത്. മുംബൈ പരാജയത്തില്‍ ഈ ഇന്നിങ്ങ്‌സ് ഏറെ നിര്‍ണായകമായി മാറി. ഹിറ്റ്മാനെന്ന് വിളിപ്പേരുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് സീസണുകളില്‍ രോഹിത് അത്ര ഹിറ്റല്ലെന്ന് അയാളുടെ പ്രകടനങ്ങള്‍ സാക്ഷ്യം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്നലെ താരം ടീമിന് തന്നെ ബാധ്യതയാകുന്ന പ്രകടനമാണ് നടത്തിയത്.
 
 ഇതോടെ വരുന്ന ടി20 ലോകകപ്പില്‍ രോഹിത് നായകനാകണോ എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. 37 കാരനായ രോഹിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഏറെക്കാലമില്ലെന്ന് സ്വയം മനസിലാക്കണമെന്നും അല്ലെങ്കില്‍ ടീം ആവശ്യപ്പെടുന്ന പ്രകടനം നടത്താന്‍ താരത്തിനാകണമെന്നും ആരാധകര്‍ പറയുന്നു. ഇതിന് സാധിക്കുന്നില്ലെങ്കില്‍ ടീമിന്റെ ആവശ്യം പരിഗണിച്ച് മാറിനില്‍ക്കാനുള്ള മനസ് രോഹിത് കാണിക്കുന്നവരും ഏറെയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍